അദ്ദേഹത്തിലൂടെ ഒരു ഒളിംപിക് മെഡൽ വേണം; ആ പോത്തോട്ടക്കാരനെ തേടി ആനന്ദ് മഹീന്ദ്രയും

അത്ഭുതങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്ന ആളുകളെ തേടി എപ്പോഴും എത്താറുണ്ട് വ്യവസായപ്രമുഖൻ ആനന്ദ് മഹീന്ദ്ര. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ഉടക്കിയത് ഉസൈൻ ബോൾട്ടിന്റെ വേഗതയെ തോൽപിച്ച കർണാടകയിലെ പോത്തോട്ടക്കാരൻ ശ്രീനിവാസ ഗൗഡയിലേക്കാണ്. 

''അദ്ദേഹത്തിന്റെ ശരീരം നോക്കൂ, അസാധാരണമായ അത്‍ലറ്റിക് കഴിവുകള്‍ ഉള്ളയാളാണ് ഈ മനുഷ്യൻ. അദ്ദേഹമൊരു ഒളിംപിക് ഇവന്റിൽ പങ്കെടുക്കണം, ശ്രീനിവാസയിലൂടെ നമുക്കൊരു സ്വർണമെഡല്‍ വേണം'', ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ശ്രീനിവാസയെ പരിശീലിപ്പിക്കാന്‍ മുൻകൈയെടുക്കണമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിഡ്ജുവിനോട് മഹീന്ദ്ര അഭ്യർഥിക്കുകയും ചെയ്തു. 

പിന്നാലെ കിരൺ‌ റിഡ്ജുവിന്റെ മറുപടിയുമെത്തി. സ്ര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുവാണ് വ്യക്തമാക്കിയത്. ഒളിമ്പിക്സിന് വേണ്ട മികവുണ്ടെങ്കിൽ അത് പാഴായി പോകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ ശ്രീനിവാസ ഗൗഡയെ നേരില്‍ കണ്ട് കായിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കും.

സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത മിന്നല്‍ വേഗത്തെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ പിന്നിലാക്കിയത്. മൂടബദ്രിയിലെ ചെളിട്രാക്കില്‍ നടന്ന മല്‍സരത്തില്‍ 28വയസുകാരന്‍ ശ്രീനിവാസ ഗൗഡ കന്നുകാലികളെ തെളിച്ച് ഓടിത്തീര്‍ത്തത് 142.5മീറ്റര്‍. ഇതിനെടുത്ത സമയം 13.62 സെക്കന്‍ഡ്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കി, സമയം കണക്കാക്കുമ്പോള്‍ 9.55 സെക്കന്‍ഡാണ്. നൂറുമീറ്ററില്‍ ബോള്‍ട്ടിന്റെ ലോകറെക്കോര്‍ഡ് 9.58സെക്കന്‍ഡും ആണ്.