കൊറോണ പടരുന്നത് കോഴികളിൽ നിന്നെന്ന് പോസ്റ്റ്; പ്രചാരണം വ്യാജം

corona-hen-13
SHARE

കൊറോണ വൈറസ് പകരുന്നത് ബ്രോയിലർ കോഴികളിൽ നിന്നാണെന്ന പ്രചാരണം വ്യാജം. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങൾ സഹിതം ഇന്ത്യയിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ചൈനയിൽ രോഗബാധയുള്ള 18,000 കോഴികളെ കൊന്നുവെന്ന വാർത്തയുടെ ചുവടുപിടിച്ചാണ് പ്രചാരണം. 

''ബെംഗളുരുവിൽ കോഴികളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. അതിനാൽ എല്ലാവരും കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക. എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക''- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനേകം പോസ്റ്റുകളിൽ ഒന്ന് ഇങ്ങനെയാണ്. 

എന്നാൽ ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണ്. കോഴികളിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. മാത്രമല്ല, ഏതുതരം കോഴികളുടെ ഇറച്ചിയും ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന്‌ ലോകാരോഗ്യ സംഘടനയടക്കം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ നശിപ്പിച്ചെന്ന വാര്‍ത്ത ശരിയാണ്. പക്ഷേ അവയെ ബാധിച്ചത് കൊറോണയല്ല. ഹുനാന്‍ പ്രവിശ്യയില്‍ കോഴികളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 18,000 കോഴികളെ കൊന്നുകളഞ്ഞത്. ഇക്കാര്യം ചൈനീസ് കൃഷിമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...