'അന്യമതത്തില്‍നിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധതയോ'; സ്വരാജിനോട് തരൂർ; ട്വിറ്റർ പോര്

tharoor-swaraj
SHARE

പൗരത്വഭേദഗതി നിയമത്തെ ചൊല്ലി ബോളിവുഡിലും വാക്പോര് മൂർച്ഛിക്കുകയാണ്. നസീറുദ്ദീന്‍ ഷായും അനുപം ഖേറും ട്വിറ്ററിലൂടെയാണ് തുറന്ന യുദ്ധം നടത്തുന്നത്. ജെ.എന്‍.യു. സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ  പരിഹസിച്ചും ഷാ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. ഇതിനിടെ നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലും രംഗത്തെത്തി. ഇപ്പോഴിതാ നസീറുദ്ദീൻ ഷായെ പിന്തുണച്ചും അനുപം ഖേറിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി.

നന്ദികെട്ടവന്‍ എന്നാണ് സ്വരാജ് കൗശല്‍ നസീറുദ്ദീന്‍ ഷായെ ട്വിറ്ററിലൂടെ വിളിച്ചത്. 'നസീറുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയുംപണവും നല്‍കി. നിങ്ങള്‍ മറ്റൊരു മതത്തില്‍നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്ക് പോലും എതിർപ്പ് പറഞ്ഞില്ല.' ഇതായിരുന്നു സ്വരാജീന്റെ പ്രതികരണം. 

അന്യമതത്തില്‍നിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്നാണ് സ്വരാജിനോട് തരൂര്‍ ചോദിച്ചത്. സുഹൃത്തായ അനുപം ഖേറിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷേ ഈ നിര്‍ഭാഗ്യകരമായ ട്വീറ്റില്‍ ലിസ്റ്റുചെയ്തിട്ടുള്ള അടിസ്ഥാനങ്ങളില്‍ അല്ല ആ പ്രതിരോധമെന്ന് സ്വരാജിന്റെ ട്വീറ്റിന് ശശി തരൂര്‍ പ്രതികരിച്ചു. 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ട്വീറ്റിട്ടതിനാണ് അനുപം ഖേറിനെതിരെ നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയത്. 'അനുപം ഖേറിനെ പോലെയുള്ളവര്‍ ഇന്ന് സജീവമാണ്. അദ്ദേഹത്തിനെ പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് തോന്നുന്നില്ല. അദ്ദേഹം ഒരു കോമാളിയാണ്. എന്‍.എഫ്.ഡി, എഫ്.ടി.ഐ.ഐയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരോട് അദ്ദേഹത്തിന്റെ പാദസേവവയുടെ കഴിവിനെ കുറിച്ചു ചോദിക്കാവുന്നതാണ്. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല'. നസിറുദ്ദീൻ ഷാ ട്വീറ്റ് ചെയ്തു. 

എന്നാല്‍ എന്റെ രക്തത്തിലുള്ള ഹിന്ദുസ്ഥാന്‍ ആണെന്നും ഞാന്‍ ഇങ്ങനെ തന്നെ പറയുമെന്നുമായിരുന്നു അനുപം ഖേറിന്റെ മറുപടി. ദിവസങ്ങളായി ട്വിറ്ററില്‍ ഈ  പോര് തുടരുന്നതിനിടെയാണ് നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് സ്വരാജ് കൗശല്‍ രംഗത്തെത്തിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...