വൻതിരിച്ചടി; 30 ദിവസത്തിനിടെ വിട്ടുപോയത് 3.6 കോടിപേർ; ഞെട്ടി വോഡഫോൺ ഐഡിയ

vodafone-idea-pic
SHARE

ടെലിക്കോം സേവനദാതാക്കളായ വോഡഫോൺ ഐഡിയക്ക് നവംബറിൽ മാത്രം നഷ്ടമായത് 3.7 കോടി ഉപയോക്താക്കളെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ട്രായി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ കാര്യമായി പിടിച്ചുനിന്നത് ജിയോയും എയർടെലും ബിഎസ്എൻഎലും മാത്രമാണ്.

ഏറ്റവും കൂടുതൽ വരിക്കാരുള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 30 ദിവസത്തിനിടെ നഷ്ടമായത് 3.6 കോടി വരിക്കാരെയാണ്. എന്നാൽ ഭാർതി എയർടെല്ലിന് 16.59 ലക്ഷം അധിക വരിക്കാരെ ലഭിക്കുകയും ചെയ്തു. ജിയോയ്ക്ക് നവംബറിൽ ലഭിച്ചത് 56.08 ലക്ഷം വരിക്കാരെയാണ്. രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഫ്രീ വോയ്സ് കോൾ അവസാനിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. മറ്റുനെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ മിനിറ്റിന് ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. എന്നാൽ ആ മാസം ജിയോയിലേക്ക് വന്ന‍ത് 91 ലക്ഷം വരിക്കാരാണ്. നവംബറിലും ആ മുന്നേറ്റം തുടരാൻ ജിയോയ്ക്ക് സാധിച്ചു.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 36.99 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം (വയർലെസ് പ്ലസ് വയർലൈൻ) 117.58 കോടിയാണ്. എയർടെല്ലിന്റെ ആകെ വരിക്കാർ 32.73 കോടിയാണ്. വോഡഫോൺ ഐഡിയ മൊത്തം വരിക്കാർ 33.62 കോടിയാണ്. നവംബർ മാസത്തിൽ ബിഎസ്എൻഎല്ലിന് നേടാനായത് 3.38 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എൻഎല്ലിന്റെ മൊത്തം വരിക്കാർ 11.75 കോടിയായി.

MORE IN INDIA
SHOW MORE
Loading...
Loading...