സമൂഹമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണം; നിര്‍ദേശവുമായി പാര്‍ലമെന്‍ററി സമിതി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് പാര്‍ലമെന്‍ററി സമിതി. അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ചൂഷണങ്ങള്‍ നേരിടാന്‍ പോക്സോ നിയമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്കും സമിതി ശുപാര്‍ശ ചെയ്തു. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനും സംസ്ഥാനങ്ങളില്‍ സുരക്ഷ കമ്മിഷണര്‍മാരെ നിയമിക്കാനും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ ലക്ഷ്യമിട്ടാണ് ജയറാം രമേഷ് അധ്യക്ഷനായ സമിതി നിര്‍ണായക ശുപാര്‍ശകള്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവിന് സമര്‍പ്പിച്ചത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുള്ള 377 വെബ് സൈറ്റുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചതോടെയാണ് വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ സമിതി രൂപീകരിച്ചത്. 

ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പുറമേ വാക്കാലോ, എഴുത്തിലൂടെയോ ചൂഷണത്തിന് വഴിവെയ്ക്കുന്ന എന്തും പോണോഗ്രഫിയുടെ പരിധിയില്‍ വരണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ദേശീയ ബാലാവകാശ കമ്മിഷന്‍റെ അധികാര പരിധി വിപുലമാക്കണം. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ കമ്മിഷണര്‍മാരെ നിയമിക്കണം. 

രാജ്യാന്തര സൈറ്റുകള്‍ ഉള്ളതിനാല്‍ ഇന്ത്യയിലെ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല. അതിനാല്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നടപടി സ്വീകരിക്കാനും രാജ്യാന്തര തലത്തില്‍ പോര്‍ട്ടല്‍ സജ്ജമാക്കാന്‍ മുന്‍കൈയെടുക്കണം. 

ചാറ്റിങ്ങുള്‍പ്പെടെ ആശയവിനിമയങ്ങള്‍ വഴി കുട്ടികളെ കെണിയിലാക്കുന്നത് തടയാന്‍ സാങ്കേതികമായും നിയമപരമായും സുരക്ഷാ നടപടികള്‍ വേണം. 

ഫെയ്സ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്, സൈബര്‍ സുരക്ഷ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി സമിതി ചര്‍ച്ചകള്‍ നടത്തിയിരുന്നു.