‘മഠത്തിൽ മോദിയുടേത് രാഷ്ട്രീയ പ്രസംഗം’; അതൃപ്തി അറിയിച്ച് സന്യാസിമാർ; വിവാദം

modi-13-01
SHARE

പൗരത്വ നിയമ വിഷയത്തിൽ ബേലൂർ മഠത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രാമകൃഷ്ണ മിഷൻ അംഗങ്ങൾ. പൗരത്വ നിയമത്തിന്റെ പേരിൽ പ്രതിപക്ഷം യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും നിയമം പിൻവലിക്കില്ലെന്നുമുൾപ്പെടെയുള്ള പരാമർശ‌ങ്ങളാണ് മോദി നടത്തിയത്. സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തിലാണ് മോദി മഠത്തിലെത്തിയത്. 

മോദിയുടെ പ്രസംഗത്തിന്റെ രാഷ്ട്രീയ സ്വഭാവമാണ് സന്യാസിമാരെ അസ്വസ്ഥരാക്കിയത്. ''രാഷ്ട്രീയമില്ലാത്ത, നിഷ്പക്ഷരായി നിലകൊള്ളുന്ന രാമ കൃഷ്ണ മിഷന്റെ വേദി വിവാദരാഷ്ട്രീയ പരാമർശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചതിൽ വളരെയധികം വേദനയുണ്ട്''- മിഷൻ അംഗമായ ഗൗതം റോയ് പറഞ്ഞു. ഇതോടെ മോദിയുടെ സന്ദർശനം പശ്ചിമബംഗാളിൽ പുതിയ രാഷ്ട്രീയവിവാദത്തിന് വഴി വെച്ചു. 

പശ്ചിമബംഗാളിൽ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നേതാക്കളും മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എന്തിനാണ് ഒരു രാഷ്ട്രീയസന്ദർശനത്തിന് എത്തിയ മോദിക്ക് മഠം സന്ദർശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നൽകാൻ വേദി നൽകിയതെന്നും അതൃപ്തി അറിയിച്ച  കത്തിൽ സന്യാസിമാർ ചോദിക്കുന്നു. 

രണ്ട് ദിവസത്തെ പശ്ചിമബംഗാൾ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ ജയന്തി ദിനത്തിലാണ് ബേലൂർ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസർക്ക് ആദരമർപ്പിച്ച ശേഷം, വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദർശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങൾ മോദിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...