ഇന്ത്യ ആരുടെ പക്ഷത്ത്? സ്ഥിതി വഷളായാല്‍ എങ്ങനെ ബാധിക്കും? പ്രവാസികള്‍ക്കു നിര്‍ണായകം

iran-us-india
SHARE

ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനെ ന്യായീകരിക്കാൻ ഡൽഹിയിലുണ്ടായതുൾപ്പെടെയുള്ള ആക്രമണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്തുപറഞ്ഞെങ്കിലും വ്യക്തമായ പ്രതികരണത്തിന് ഇന്ത്യ തയാറായിട്ടില്ല. 

സ്ഥിതി വഷളാവാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണു വിദേശകാര്യ മന്ത്രാലയം ചെയ്തത്. എങ്ങും തൊടാതെയുള്ള പ്രതികരണം , ഇരുരാജ്യങ്ങളെയും മുഷിപ്പിക്കാനാവില്ലെന്ന നയമാണു വ്യക്തമാക്കുന്നത്. പക്ഷം പിടിക്കാൻ പറ്റില്ല. പക്ഷേ, പക്ഷം പിടിക്കാതെ എത്ര ദൂരം പോകാനാവുമെന്ന ചോദ്യവും ഉയരുന്നു.

ഇറാൻ തിരിച്ചടിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമാണ് ഇന്ത്യയുടെ ആശങ്കയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എണ്ണവിലക്കയറ്റം അടക്കം ലോകവിപണിയിലുണ്ടാകാവുന്ന പ്രതികൂല ചലനങ്ങളും മധ്യപൂർവദേശത്തുള്ള പ്രവാസികളുടെ സ്ഥിതിയുമാണ് ആശങ്കയുണ്ടാക്കുന്നത്.

2012 ൽ സംഭവിച്ചത്

സുലൈമാനിക്കു പങ്കുള്ളതായി ട്രംപ് ഉദ്ദേശിച്ചതു ഡൽഹിയിൽ 2012 ഫെബ്രുവരിയിൽ ഇസ്രയേൽ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥയുടെ കാറിലുണ്ടായ ബോംബ് സ്ഫോടനമാണെന്നു സൂചനയുണ്ട്. സ്ഥാനപതി കാര്യാലയത്തിലെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയായ ടാൽ യെഹോഷ്വ സഞ്ചരിച്ച കാറിലാണു സ്ഫോടനമുണ്ടായത്. 

ടാൽ യെഹോഷ്വ ഉൾപ്പെടെ ഏതാനും പേർക്കു പരുക്കേറ്റു. സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷനെ മൊസാദ് വധിച്ചതിനുള്ള തിരിച്ചടിയെന്നാണു സംഭവം വിലയിരുത്തപ്പെട്ടത്.

ഇന്ത്യയുടെ ആശങ്കകൾ

യുഎസിനോട് ഇന്ത്യ കാട്ടുന്ന താൽപര്യത്തെ ഇറാൻ വിമർശിച്ചിരുന്നു. യുഎസ് ഉപരോധത്തിന്റെ പശ്ചാലത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതും മറ്റും ഇന്ത്യയുടെ യുഎസ് അനുകൂല നിലപാടിന്റെ ഉദാഹരണമായി ഇറാൻ എടുത്തു പറഞ്ഞു. അപ്പോഴും, വാണിജ്യപരമായ വശങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ ഇന്ത്യവിരുദ്ധ നിലപാട് ഇറാനില്ല. ഇന്ത്യ മുൻകൈയെടുത്തു വികസിപ്പിക്കുന്ന ഛാബഹാർ തുറമുഖ പദ്ധതി ഇരുരാജ്യങ്ങൾക്കും പ്രധാനമാണ്.

കടൽ, കര, റെയിൽ മാർഗങ്ങളിലൂടെ ഇന്ത്യ, റഷ്യ, യൂറോപ്പ്, മധ്യേഷ്യ, ഇറാൻ എന്നിവയെ ബന്ധിപ്പിക്കുന്ന വടക്കു തെക്കൻ ഗതാഗത ഇടനാഴിയും (എൻസിടിസി) ഇരുരാജ്യങ്ങളും ഏറെ താൽപര്യമെടുക്കുന്ന പദ്ധതിയാണ്.

ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള 80% എണ്ണയും കൊണ്ടുവരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ എണ്ണവ്യാപാരത്തിൽ വലിയ പ്രതിസന്ധി രൂപപ്പെടാം. 

ഗൾഫ് മേഖല അശാന്തമായാൽ പ്രവാസികൾ കൂട്ടത്തോടെ മടങ്ങേണ്ടിവരും. ഇന്ത്യയിലെത്തുന്ന വിദേശനാണ്യത്തിന്റെ 53.5 % ഗൾഫ് മേഖലയിൽ നിന്നാണ്. ഇന്ത്യയുടെ മൊത്തം വിദേശനാണ്യ വരുമാനത്തിൽ 19 ശതമാനവുമായി ഒന്നാമതുള്ളതു കേരളവും.

തയ്യാറാക്കിയത് ജോമി തോമസ്, മലയാള മനോരമ

MORE IN INDIA
SHOW MORE
Loading...
Loading...