ഉന്നാവിൽ നീതിക്ക് വേണ്ടി അവൾക്കൊപ്പം; വിധി അറിയാതെ ഇപ്പോഴും കോമയിൽ; കണ്ണീർ

unnao-rape-advocate
SHARE

ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് മരണം വരെ ജയിൽ ശിക്ഷ വിധിച്ചതിന്റെ ആഘോഷത്തിലാണ് നീതിക്ക് വേണ്ടി പോരാടിയവർ. എന്നാൽ ഇതിന് മുന്നിട്ട് നിന്നിരുന്ന ഒരാൾ ഒരു ചെറു ശ്വാസം മാത്രം ബാക്കിയാക്കി ഇപ്പോഴും മരണത്തോട് മല്ലിടുകയാണ്. ഒട്ടേറെ ഭീഷണികൾ‌ക്ക് ഇടയിലും ഇരയായ പെൺകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ധീരനായ അഭിഭാഷകൻ. തന്റെ കേസ് വിജയിച്ചു എന്നു പോലും അറിയാതെ ആശുപത്രി കിടക്കിയിൽ അർദ്ധബോധാവസ്ഥയിൽ തുടരുകയാണ് ഇപ്പോഴും.

ഇരയായ പെൺകുട്ടിയും ഉൾപ്പെട്ട കാർ അപകടത്തിലാണ് അഭിഭാഷകനായ മഹേന്ദ്ര സിങ്ങിന് ഗുരുതര പരുക്കേറ്റത്. പെൺകുട്ടിയുടെ അമ്മായിമാർ കൊലപ്പെട്ട അപകടത്തിൽ ഇൗ കാർ ഒാടിച്ചിരുന്നത് അഭിഭാഷകനായിരുന്നു. അതിവേഗത്തിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

അപകടത്തിൽ മഹേന്ദ്രയുടെ രണ്ടു കാലുകളുടെയും എല്ലുകൾ തകർന്നു. പേശികൾക്ക് ഗുരുതര ചതവുകൾ പറ്റി. മുഖത്തും കാര്യമായ പരുക്കുകളുണ്ട്. ഡ്രൈവിങ് സീറ്റിൽ ആയിരുന്നതുകൊണ്ടുതന്നെ,നേർക്കുനേർ ട്രക്ക് വന്നിടിച്ചപ്പോൾ ഏറ്റവുമധികം പരുക്കുകൾ ഏറ്റതും  അഭിഭാഷകനായിരുന്നു. ഇപ്പോഴും  കോമ അവസ്ഥയിൽ ഡൽഹി AIIMS ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.

രാജ്യം കയ്യടിച്ച വിധി

ജീവിതാവസാനം വരെ ജയില്‍ശിക്ഷ, 10 ലക്ഷം രുപ പീഡനത്തിനിരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവും കുൽദീപ് സിങ് സെൻഗാർ നൽകണം. രാജ്യം കേൾക്കാൻ കൊതിച്ച വിധിക്ക് പിന്നാലെ ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാർ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ടവരുടെ ജീവനും സ്വന്തം ജീവനും ജീവിതവും പണയപ്പെടുത്തി മൂന്നുവർഷം അവൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായ ആ കണ്ണീർ. വിധിക്ക് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമുള്ള സുരക്ഷ ഒരുക്കാന്‍ കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. 

കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. എംഎൽഎ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനം നടന്നതായി പറയുന്ന സമയത്തു താൻ സ്ഥലത്തുണ്ടായിരുന്നില്ല എന്നതടക്കം സെൻഗറിന്റെ വാദങ്ങളെല്ലാം കോടതി തള്ളിയിരുന്നു. സംഭവം നടന്ന സമയത്ത് പെൺകുട്ടി എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നും പെൺകുട്ടിയുടെ അമ്മാവൻ ആസൂത്രണം ചെയ്ത കേസാണെന്നുമുള്ള വാദങ്ങളും അംഗീകരിച്ചില്ല. ഭീഷണി ഭയന്ന് ഒരു വാക്കു പോലും പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല പെൺകുട്ടിയെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം വൈകിച്ചതടക്കം സെൻഗറിനെതിരായ കേസിൽ സിബിഐയുടെ മെല്ലെപ്പോക്കിനെയും കോടതി വിമർശിച്ചിരുന്നു.

കേസിന്റെ നാൾ വഴി

മാഖി ഗ്രാമത്തിൽ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി വന്ന 2017 ജൂൺ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടു. സെൻഗറിനെതിരെ കേസെടുക്കാൻ വിസ്സമ്മതിച്ച പൊലീസ് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎൽഎയുടെ സഹോദരൻ അടക്കമുള്ളവർ മർദിച്ചു. കള്ളക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ പെൺകുട്ടി ആത്മാഹുതിക്കു ശ്രമിച്ചു. തൊട്ടടുത്തദിവസം പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു.

ഇതിനിടെ കോടതി ഇടപെടലിൽ സെൻഗറിനെതിരെ സിബിഐ കേസെടുത്തു. പക്ഷേ, അമ്മാവനെ പഴയ കേസ് കുത്തിപ്പൊക്കി ജയിലിലടച്ചു. തുടർന്ന് നേരിടുന്ന ഭീഷണിയെക്കുറിച്ചു പെൺകുട്ടിയും കുടുംബവും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.

അമ്മാവനെ കണ്ടുമടങ്ങിയ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 2 അമ്മായിമാർ മരിച്ചു. പെൺകുട്ടിക്കു ഗുരുതരമായി പരുക്കേറ്റു. ഇതടക്കമുള്ള സംഭവപരമ്പരകൾ മാധ്യമങ്ങളിൽ തലക്കെട്ടുകളായതോടെ സുപ്രീം കോടതി ഇടപെട്ടു. ചികിത്സ ഡൽഹിയിലേക്കു മാറ്റാൻ കോടതി ഉത്തരവു നൽകി. സെൻഗറിനെതിരായ മുഴുവൻ കേസുകളും ഡൽഹി കോടതിയിലേക്കു മാറ്റി. 45 ദിവസത്തിനകം വിധി പറയണമെന്നായിരുന്നു നിർദേശമെങ്കിലും 5 മാസം വൈകി ഡിസംബർ 17ന് കുറ്റക്കാരനെന്ന് വിധിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...