കൊന്നുതള്ളാൻ സജ്ജനാ(രാ)ണ് ? നായകനോ വില്ലനോ ?

Sajjanar-profile
SHARE

സൈബരാബാദ് കമ്മിഷണർ സജ്ജനാർ ‘ഏറ്റുമുട്ടൽ വിദഗ്ധൻ’

1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ കർണാടകയിലെ ഹുബ്ബള്ളി സ്വദേശി വിശ്വനാഥ് ചന്നപ്പ സജ്ജനാരുടെ ജീവിതത്തിൽ ഭൂതകാലത്തിന്റെ തനിയാവർത്തനം. 2008 ഡിസംബറിൽ സജ്ജനാർ വാറങ്കൽ എസ്പിയായിരിക്കെ പൊലീസിനെതിരെ വൻ ജനരോഷമുയർന്നു. 2 എൻജിനീയറിങ് വിദ്യാർഥിനികൾക്കുനേരെ 3 യുവാക്കൾ ആസിഡ് ആക്രമണം നടത്തിയതാണു സംഭവം. പൊലീസിനെതിരെ പ്രതിഷേധമുയർന്നതോടെ 3 യുവാക്കളെയും അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികളെല്ലാം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്തയാണു പിറ്റേന്നു കേട്ടത്. ജനം പൂക്കളും മധുരവും നൽകി സജ്ജനാരെ താരമാക്കി. കഴിഞ്ഞ വർഷം സൈബരാബാദ് പൊലീസ് കമ്മിഷണറായി. ഈ ഡിസംബറിലും ചരിത്രമാവർത്തിച്ചു. വെറ്ററിനറി ഡോക്ടറുടെ പീഡന – കൊലപാതക കേസ് അന്വേഷണത്തലവനും സജ്ജനാർ തന്നെ!

ഏറ്റുമുട്ടൽ കൊലപാതകം തുടർക്കഥ

1. 2015 ഏപ്രിലിൽ തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽ കൊല്ലപ്പെട്ടതു തെഹ്‌രീക് ഗൽബേ ഇസ്‌ലാം അംഗം വിഖറുദ്ദീൻ അഹമ്മദും മറ്റു 4 പേരും. വാറങ്കൽ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരായിരുന്നു ഇവർ. ഹൈദരാബാദിലെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലെന്ന് ഔദ്യോഗിക ഭാഷ്യം. 

2. 2015 ൽതന്നെ തെലങ്കാന – ഛത്തീസ്ഗഡ് അതിർത്തിയിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണെന്നു മരിച്ചവരുടെ കുടുംബം ആരോപിച്ചു.

3. 2015 സെപ്റ്റംബറിൽ മാവോയിസ്റ്റുകളായ ശ്രുതി (മഹിത– 23), വിദ്യാസാഗർ റെഡ്ഡി (സാഗർ – 32) എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന്, മനുഷ്യാവകാശ പ്രവർത്തകനും കവിയുമായ വരവരറാവുവിന്റെ ആരോപണം.

4. 2017 ഡിസംബറിൽ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട 8 പട്ടികവർഗക്കാർ കൊല്ലപ്പെട്ടു. വെടിവച്ചപ്പോൾ തിരിച്ചടിച്ചതെന്നു പൊലീസ്; നിഷേധിച്ച് കുടുംബങ്ങൾ.

5. 2019 ജൂലൈയിൽ സിപിഐ (എംഎ‍ൽ) ന്യൂ ഡമോക്രസി പ്രതിരോധ വിഭാഗം ഏരിയ കോ ഓർഡിനേറ്റർ എന്നു പൊലീസ് പറയുന്ന ലിംഗണ്ണ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം.

MORE IN INDIA
SHOW MORE
Loading...
Loading...