200 ചോദിച്ചപ്പോൾ 500; അത്ഭുത എടിഎം; തടിച്ചുകൂടി ജനങ്ങള്‍

200 രൂപ ചോദിച്ചവർക്ക് 500 ന്റെ നോട്ടുകൾ കൊടുത്ത് അത്ഭുതമായി എടിഎം. സേലം-ബംഗളൂരു ഹൈവേയിലുള്ള എസ്ബിഐ എടിഎമ്മിലായിരുന്നു അബദ്ധം. വാർത്തയറിഞ്ഞ് നിരവധി ആളുകളാണ് എടിഎമ്മിലേക്ക് ഓടിയെത്തിയത്. അധികൃതരെത്തി എടിഎം താത്കാലികമായി അടച്ചിടുകയായിരുന്നു.

എടിഎമ്മില്‍ നിന്ന് നിരവധി ആളുകൾ 200 നു പകരം 500 രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടുകൾ. 700 രൂപ ആവശ്യപ്പെട്ട ഒരാള്‍ക്ക് 1000 വും ലഭിച്ചു. ഇയാൾക്ക് ഡെബിറ്റ് ആയത് 700 രൂപ മാത്രമാണ്. 

എടിഎമ്മിലെ 200 രൂപയുടെ ബോക്സിന്റെ സ്ഥാനത്ത് 500 നിറച്ചതാണ് കാരണമെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം. അക്കൗണ്ടുകൾ പരിശോധിച്ച് നഷ്ടപ്പെട്ട പണം അതു ലഭിച്ചവരിൽ നിന്നും വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.