വാട്സാ‌പ് ചോർത്തൽ: കേന്ദ്ര സർക്കാരിന് പങ്കെന്ന് മനുഷ്യാവകാശപ്രവർത്തകർ

whatsaap-pic
SHARE

ന്യൂഡൽഹി ∙ വാട്സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി ഇരകളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

സര്‍ക്കാരിനെതിരായ ആയുധമായി വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍‌ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റത്തില്‍ ആശങ്കയുണ്ടെന്നാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.  

ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ദലിത് ആക്ടിവിസ്റ്റുകളും നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ഭീമ കൊറേഗാവ് കേസിലെ പ്രതികളുടെ അഭിഭാഷകനായ നിഹാല്‍ സിങ് റാത്തോഡ് തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമാക്കി. നാഗ്‌പൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഹാല്‍ സിങ്ങിന് വിദേശ നമ്പറില്‍ നിന്ന് പെഗാസസ് സൈബര്‍ ആക്രമണത്തിന്‍റെ മാതൃകയില്‍ വിഡിയോ കോള്‍ വന്നതാണ് ഇതിന്റെ തെളിവായി അദ്ദേഹം പറയുന്നത്.

വാട്‌സാപ് ചോര്‍ത്തലില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ഇതേക്കുറിച്ച് അറിയിപ്പ് നല്‍കാന്‍ വിളിച്ച വ്യക്തി പറഞ്ഞതായി ഛത്തീസ്‌ഗഡിൽ നിന്നുള്ള പൊതുപ്രവര്‍ത്തക ബേല ഭാട്ട്യയാണ് വെളിപ്പെടുത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് വാട്സാപിനോട് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം.

പെഗാസസ് ആക്രമണത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും ആരുടെ എന്തൊക്കെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അറിയിക്കണമെന്ന് വാട്‌സാപ് അധികൃതരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചോര്‍ത്തലില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

English Summary: Indian rights activists Furore erupts over WhatsApp spying expose

MORE IN INDIA
SHOW MORE
Loading...
Loading...