തെറ്റായി വ്യാഖാനിക്കരുത്; അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇന്ത്യ പക്ഷം പിടിക്കില്ല; വിദേശകാര്യമന്ത്രി

ഇത്തവണ ട്രംപ് സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കഴിവുകേട് പരിഹരിച്ച വിദേശകാര്യമന്ത്രിക്ക് നന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി സ്വീകരണ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രസ്താവന നടത്തിയത്. 2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമാണെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതോടെ വിമര്‍ശനമുയര്‍ന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇന്ത്യ ഇടപെടില്ല എന്ന കീഴ്‍വഴക്കം ലംഘിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജനങ്ങളോട് പറഞ്ഞ വാചകം സൂചിപ്പിക്കുകമാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ജയ്ശങ്കര്‍ വിശീകരിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ വാഷിങ്ടണിലെത്തിയപ്പോഴാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

വിദേശകാര്യമന്ത്രിയുടെ വിശദീകരണത്തോടെ ആശയക്കുഴപ്പം നീങ്ങിയെന്നും നരേന്ദ്ര മോദിക്ക് ജയ്ശങ്കര്‍ അല്‍പ്പം നയതന്ത്രം പഠിപ്പിച്ചുകൊടുക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോവുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തി. അമേരിക്കയുടെ അതൃപ്തികള്‍ക്കിടയിലും റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി. രാജ്യം താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാനുള്ള പരമാധികാരവും സ്വാതന്ത്ര്യവുമുണ്ടെന്ന് വിദേശകാര്യമന്ത്രി ഉറച്ച നിലപാടെടുത്തു.