ഹോസ്റ്റലിൽ ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പെൺകുട്ടി

chinmayanad-11
SHARE

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണവുമായി നിയമ വിദ്യാർഥിനി. ഉത്തര്‍ പ്രദേശിൽ നിന്നുള്ള നിയമ വിദ്യാർഥിനിയാണ് ചിന്മയാനന്ദക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.  

സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി ഡൽഹി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പതിനഞ്ച് മണിക്കൂറോളം പെൺകുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടി സമർപ്പിച്ച വിഡിയോകൾ സംഘം പരിശോധിച്ചു. 

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശ്രമങ്ങളുടെയും ഉടമയാണ് ചിന്മയാനന്ദ്. കഴിഞ്ഞ വർഷം ജൂണിലാണ് പെൺകുട്ടി ഇയാളെ പരിചയപ്പെടുന്നത്. ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളജിൽ അഡ്മിഷൻ എടുക്കുന്നതിന്റെ ഭാഗമായാണ് പരിചയപ്പെടുന്നതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. 

പരാതിയിലെ മറ്റ് ആരോപണങ്ങൾ

അഡ്മിഷൻ നൽകുന്നതിനൊപ്പം കോളജ് ലൈബ്രറിയിൽ 5000 രൂപ മാസശമ്പളത്തിൽ ജോലി നൽകാമെന്ന് ചിന്മയാനന്ദ വാഗ്ദാനം ചെയ്തു. നിർധന കുടുംബാംഗമായ പെൺകുട്ടി ജോലി സ്വീകരിച്ചു. ഒക്ടോബറിൽ ഹോസ്റ്റലിലേക്ക് മാറാൻ പറയുകയും പിന്നാലെ തന്റെ ആശ്രമത്തിലേക്ക് ചിന്മയാനന്ദ ക്ഷണിക്കുകയും ചെയ്തു. ഹോസ്റ്റലിൽ നിന്നുള്ള തന്റെ സ്വകാര്യദൃശ്യങ്ങൾ ചിന്മയാനന്ദ സ്വന്തം ഫോണിൽ കാണിച്ചു. വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളും പകർത്തിയ ചിന്മയാനന്ദ, പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി. 

വഴങ്ങാതിരുന്നപ്പോഴൊക്കെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുമായിരുന്നു. ഈ വർഷം ജൂലൈ വരെ പീഡനത്തിനിരയായ പെൺകുട്ടി, വിഡിയോകൾ പകർത്തി ചിന്മയാനന്ദക്കെതിരെ തെളിവ് ശേഖരിച്ച് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. 

ഓഗസ്റ്റിൽ ഫെയ്സ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്ത ശേഷം പെൺകുട്ടി കോളജ് വിട്ടു. പെൺകുട്ടിയെ കാണില്ലെന്ന് പരാതി നൽകിയ പിതാവ്, ചിന്മയാനന്ദക്കെതിരെയും ആരോപണമുന്നയിച്ചു. എന്നാൽ പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചിന്മയാന്ദക്കുമേൽ ചുമത്തി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. 

ഒരാഴ്ചക്ക് ശേഷം പെൺകുട്ടിയെ രാജസ്ഥാനിൽ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഉത്തർ പ്രദേശ് പൊലീസിനെ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി, ഡൽഹി പൊലീസിന് പെൺകുട്ടി പരാതി നൽകി. ''അന്വേഷണത്തിന്റെ ഭാഗമായി എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകാം. ഇത്ര നാളും എന്നെ സംരക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞാൻ. ഉത്തർപ്രദേശ് പൊലീസിനെ ഭയമാണെനിക്ക്. എന്റെ ഹോസ്റ്റലിൽ എല്ലാ തെളിവുകളുമുണ്ട്. സമയമാകുമ്പോൾ എല്ലാം സമർപ്പിക്കും''- പെൺകുട്ടി പറഞ്ഞു. 

പെൺകുട്ടിയുടെ എല്ലാ ആരോപണങ്ങളും ചിന്മയാനന്ദ നിഷേധിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...