400 പേര്‍ക്ക് രണ്ട് ശുചിമുറി; ചേരിയിലെ അവസ്ഥയിൽ രോഷം; മന്ത്രിയോട് പൊട്ടിത്തെറിച്ച് മമത

കൊൽക്കത്തയിലെ ഹൗറ ചേരികള്‍ സന്ദർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. ചേരിയിലെ കുഞ്ഞുവീടുകൾക്കുള്ളിലെത്തി ആളുകളോട് സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് മമത മടങ്ങിയത്. ചേരിയിൽ കണ്ട ചില കാര്യങ്ങൾ മമതയെ ചൊടിപ്പിച്ചു. അതിലൊന്ന് ശുചിമുറികളുടെ എണ്ണമാണ്. 

29ാം വാർഡിൽ താമസിക്കുന്ന 400 ആളുകൾക്കുള്ളത് ആകെ രണ്ട് ശുചിമുറികൾ മാത്രം. ഉടൻ മന്ത്രി ഫിർഹാദ് ഹക്കീമിനെ വിളിച്ച് കാര്യം തിരക്കി. ''പോകുന്ന വഴിയിൽ ഞാനൊരു ചേരി സന്ദർശിച്ചു. നാനൂറ് കുടുംബങ്ങൾ, രണ്ട് ശുചിമുറികൾ.  ഇതെന്താണ് ഇങ്ങനെ? ചേരിപ്രദേശത്തെ വികസനങ്ങൾക്കായി നമ്മൾ പണം നൽകുന്നുണ്ട്. ആരാണ് ഇവിടുത്തെ കൗണ്‍സിലർ? അയാൾ എന്താണ് ചെയ്യുന്നത്?''- മമത ചോദിച്ചു. 

കൗൺസിലറെ തിരക്കിയ മമത വീണ്ടും ഞെട്ടി. കൊലക്കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കുകയാണ് അവിടുത്തെ തൃണമുൽ കൗൺസിലർ. 2017 ജൂൺ മുതൽ ഇയാൾ ജയിലിലാണ്. കൗൺസിലർ ജയിലിലാണെങ്കിലും അവിടൊരു മുൻസിപ്പാലിറ്റിയും ഭരണാധികാരിയും ഉണ്ടാകുമല്ലോ എന്നായി മമത. ഏഴ് ദിവസത്തിനകം ചേരികൾ സന്ദർശിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മമത നിർദേശം നൽകി.