പെഹ്‌ലൂഖാന്‍റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും, പ്രതീക്ഷയെന്ന് ബന്ധുക്കൾ

pehlu-18
SHARE

രാജസ്ഥാനില്‍ ആൾക്കൂട്ട മര്‍ദനത്തില്‍ പെഹ്‌ലൂഖാന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടതിനെത്തുടര്‍ന്ന് കേസ് പുനരന്വേഷിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. കേസ് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പെഹ്‍ലുഖാന്‍റെ ബന്ധുക്കള്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍വാറിലെ വിചാരണക്കോടതി പെഹ്‍ലുഖാന്‍ വധക്കേസിലെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കിയത്. ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയാണ് കോടതിവിധി. ഇതോടെ ഹതാശരായ പെഹ്‍ലുഖാന്‍രെ കുടുംബത്തിന് ആശ്വാസമാകുന്നതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. ആള്‍ക്കൂട്ട കൊലപാതകം ഒരു പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷിക്കാനാണ് തീരുമാനം. പുതിയ അന്വേഷണത്തിലൂടെ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി പെഹ്‍ലുഖാന്‍റെ മൂത്ത മകന്‍ ഇര്‍ഷാദ് പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം ആശ്വാസം നല്‍കുന്നതാണെങ്കിലും അല്‍വാര്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പെഹ്‍ലുഖാന്‍റെ ഭാര്യ വ്യക്തമാക്കി.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലിക്കച്ചവടക്കാരനായ പെഹ്‍ലുഖാനെ ഗോരക്ഷകരെന്ന പേരിലെത്തയ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങളടക്കം നിര്‍ണായക തെളിവുകളുണ്ടായിട്ടും പൊലീസ് നടത്തിയ കള്ളക്കളികളാണ് പ്രതികളെല്ലാവരും രക്ഷപ്പെടാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. പൊലീസ് അന്വേഷണത്തിലെ പിഴവുകളെല്ലാം പ്രത്യേക അന്വേഷണ സംഘം വിലയിരുത്തും. ഡി.ഐ.ജി. നിതിന്‍ദീപ് ആണ് അന്വേഷണ സംഘത്തലവന്‍.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...