കാമുകനെ കാണാൻ തിഹാർ ജയിലിൽ; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതി; അറസ്റ്റ്

ഡൽഹിയിലെ തിഹാർ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. ജയിലിലെ അതി സുരക്ഷാ സെല്ലില്‍ കഴിയുന്ന കാമുകനെ കാണാൻ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതിയെത്തി. എൻജിഒ വർക്കർ ചമഞ്ഞാണ് യുവതി ജയിലിലെത്തിയത്. രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള ജയിലിലുണ്ടായ സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. 

കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാമുകൻ തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. നാല് ദിവസത്തോളം ജീവനക്കാരെ പറ്റിച്ച് യുവതി ജയിലിലെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രാജേഷ് ചോപ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു. സെല്‍ നമ്പര്‍ രണ്ടിലെ സൂപ്രണ്ട് റാം മെഹറുമായി സൗഹൃദ ബന്ധമുണ്ടാക്കിയ ശേഷമാണ് യുവതി അകത്ത് പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഹേമന്ത് കഴിഞ്ഞ രണ്ട് വർഷമായി റാം മെഹറിന്റെ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് ഹേമന്ത് പദ്ധതി ആസൂത്രണം ചെയ്തത്.