ബീഫും പോര്‍ക്കും കൊണ്ടുപോകില്ല; ഹിന്ദു ജീവനക്കാർ സമരത്തിന്; സൊമാറ്റോയിൽ വീണ്ടും വിവാദം

zomato-edlivery-11
SHARE

ഭക്ഷണം കൊണ്ടുവന്നയാൾ അഹിന്ദുവായതിന്റെ പേരില്‍ ഓർഡർ കാന്‍സൽ ചെയ്ത സംഭവത്തിന് പിന്നാലെ സൊമാറ്റോയിൽ വീണ്ടും വിവാദം. ഇക്കുറി ഭക്ഷണം ആളുകളിലേക്ക് എത്തിക്കുന്ന ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബീഫ്, പോര്‍ക്ക് മുതലായ ഭക്ഷണസാധനങ്ങൾ ഡെലിവറിക്കായി കൊണ്ടുപോകുന്നത് തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണിവരുടെ വാദം. 

ബക്രീദ് സമയത്ത് ഇത്തരം ഭക്ഷണവസ്തുക്കളുടെ ഓർഡറില്‍ വലിയ വർധനയുണ്ടാകുന്നത് കണക്കിലെടുത്താണ് പ്രതിഷേധം. പെരുന്നാള്‍ ആഴ്ച ബീഫ്, പോർക്ക് എന്നിവ ആളുകളിലേക്ക് എത്തിക്കില്ലെന്ന് ഇവർ പറയുന്നു. അത്തരം ഓർഡറുകൾ ലഭിച്ചാൽ അവ മാറ്റി നല്‍കണമെന്നും ജീവനക്കാരുടെ മതവികാരത്തെ മാനിക്കണമെന്നും ഇവർ പറയുന്നു. 

ആവശ്യങ്ങൾ മുൻനിർത്തി ഹിന്ദു, മുസ്‌ലിം ഡെലിവറി ജീവനക്കാർ തിങ്കളാഴ്ച മുതൽ സമരത്തിനൊരുങ്ങുകയാണ്. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങളോടോ സമരത്തോടോ സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

''ഈയടുത്ത് ചില മുസ്‌ലിം റെസ്റ്ററന്റുകൾ സൊമാറ്റോയിൽ ചേർത്തിരുന്നു. എന്നാൽ ബീഫ് കൊണ്ടുപോകാൻ മടിയുള്ള ഹിന്ദു ‍ഡെലിവറി ജീവനക്കാർ ഞങ്ങൾക്കിടയിലുണ്ട്. പോർക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്. ഒപ്പം ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആപ്പുമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മതം അനുശാസിക്കാത്ത ഭക്ഷണവസ്തുക്കൾ കൊണ്ടുപോകാൻ സാധിക്കില്ല. കമ്പനിക്ക് എല്ലാം അറിയാം. എന്നിട്ടും ഞങ്ങളെ സഹായിക്കുന്നതിന് പകരം, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്''- ജീവനക്കാരിലൊരാളായ മൂസിൻ അക്തർ പറഞ്ഞു. 

മറ്റൊരു ജീവനക്കാരനായ ബജ്‌രാജ് നാഥ് പറയുന്നതിങ്ങനെ: ഞാനൊരു ഹിന്ദുവാണ്. എനിക്കൊപ്പം മുസ്‍ലിം ആളുകളും ജോലി ചെയ്യുന്നുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്നതിൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല. പക്ഷേ ഇപ്പോൾ പുതുതായി ചേർക്കപ്പെട്ട റെസ്റ്ററന്റുകളിൽ ഏത് സാഹചര്യത്തിലും ഭക്ഷണമെത്തിക്കണമെന്നും ഓർഡർ കാൻസൽ ചെയ്യരുതെന്നുമാണ് കമ്പനി നിയമം. ഏതെങ്കിൽ പ്രത്യേക ഭക്ഷണം എത്തിക്കുന്നതിന് വിമുഖത കാണിച്ചാൽ ‍ഞങ്ങൾക്കെതിരെ നടപടിയെടുക്കുന്ന അവസ്ഥയാണുള്ളത്. ഞങ്ങൾ ഹിന്ദുക്കളെപ്പോലെ തന്നെ മുസ്‍ലിം ജീവനക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് കമ്പനി നിർത്തണം. അതുകൊണ്ട് തിങ്കളാഴ്ച മുതൽ ഞങ്ങൾ സമരത്തിനിറങ്ങുകയാണ്.''

ജീവനക്കാർക്ക് പിന്തുണയുമായി പശ്ചിമ ബംഗാൾ മന്ത്രി ഹൗറ റജീബ് ബാനർജി രംഗത്തെത്തി.

MORE IN INDIA
SHOW MORE
Loading...
Loading...