മോദിയും അമിത് ഷായും അർജുനനും കൃഷ്ണനും പോലെ; വാഴ്ത്തി രജനികാന്ത്

modi-shah-rajani
SHARE

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷ്ണനും അര്‍ജുനനുമാണെന്നും രജനി വിശേഷിപ്പിച്ചു. ‘കശ്മീര്‍ മിഷനിൽ അമിത്ഷായെ ഹൃദയപൂർവം അഭിനന്ദിക്കുകയാണ്. ഹാറ്റ്സ് ഓഫ്’– ചെന്നൈയിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ താരം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണ്. എന്നാൽ ഇതിൽ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ല– രജനി പറഞ്ഞു. 2021 ൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസർക്കാർ നീക്കത്തെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പിന്തുണച്ചിരുന്നു. പ്രതിപക്ഷമായ ഡിഎംകെ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എന്നിവർ ശക്തമായി പ്രതികരിച്ചു.

ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്നാണ് കമൽ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് രജനി വിഷയത്തിൽ നിലപാടു വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയാണു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. പ്രതിപക്ഷത്തെ പല കക്ഷികളുടെയുൾപ്പെടെ പിന്തുണയോടെ ദിവസങ്ങൾക്കകമാണ് ഇതു സംബന്ധിച്ച ബില്ലുകള്‍ കേന്ദ്രം പാർലമെന്റിൽ പാസാക്കിയെടുത്തത്.

MORE IN INDIA
SHOW MORE
Loading...
Loading...