മുസഫര്‍നഗര്‍ കലാപം; 40 കേസുകളിലും പ്രതികളെ വെറുതേവിട്ടു;അപ്പീല്‍ നല്‍കാതെ യോഗി സര്‍ക്കാർ

SHARE
musafir

മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട റജിസ്റ്റര്‍ ചെയ്ത നാല്‍പ്പത്തിയൊന്നില്‍ നാല്‍പത് കേസുകളിലും പ്രതികളെ വെറുതേവിട്ടു. പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയതും തൊണ്ടിമുതലായ ആയുധങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാകാത്തതുമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. പ്രതികളെ വെറുതേവിട്ട കേസുകളില്‍ അപ്പീല്‍ നല്‍കേണ്ടെന്നാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാരിന്റെ തീരുമാനം. 

2013 ഓഗസ്റ്റില്‍ മുസഫര്‍നഗറിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത് 65 പേര്‍. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. അന്‍പതിനായിരം പേര്‍ക്ക് വീട് ഉപേക്ഷിക്കേണ്ടിവന്നു. കൊലപാതകം, ബലാല്‍സംഗം, തീവയ്പ്പ്, കവര്‍ച്ച തുടങ്ങി റജിസ്റ്റര്‍ ചെയ്തത് നൂറിലധികം കേസുകള്‍. ഇതില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പുറുപ്പെടുവിച്ച നാല്‍പത്തിയൊന്നില്‍ നാല്‍പത് കേസുകളിലും പ്രതികള്‍ കുറ്റവിമുക്തരായി. നാല്‍പത് കേസുകളും ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്ത കേസുകളായിരുന്നുവെന്നതാണ് ശ്രദ്ധേയം. പ്രതിസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും. പ്രതികളെ ശിക്ഷിച്ച ഏക േകസില്‍ ജീവപര്യന്തം ലഭിച്ച ഏഴു പ്രതികളും ന്യൂനപക്ഷ സമുദായ അംഗങ്ങളും. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മിക്ക കേസുകളിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറി. അഞ്ചു കൊലപാതക കേസുകളില്‍ തൊണ്ടിമുതലായ ആയുധങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഇക്കാര്യത്തില്‍ പൊലീസിനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചതുമില്ല. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പൊലീസ് ഹാജരാക്കിയില്ലെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയധികം വീഴ്ചകളുണ്ടായിട്ടും അപ്പീല്‍ നല്‍കേണ്ടെന്നാണ് യു.പി സര്‍ക്കാരിന്റെ തീരുമാനം. 

MORE IN INDIA
SHOW MORE
Loading...
Loading...