മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടർ; മരണവക്കിൽ മകന് 'ജീവൻ' നൽകിയ ഒരമ്മ

മരണത്തിന്റെ വക്കിൽ നിന്ന് മകനെ തിരികെ കൊണ്ടുവന്നത് അമ്മയുടെ സ്നേഹം. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ പതിനെട്ടുകാരന്‍ കിരണിനെ ആണ് അമ്മയുടെ പ്രാർഥനയും സ്നേഹവും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തെലങ്കാനയിലാണ് സംഭവം.

മകന്റെ അവസ്ഥയിൽ നെഞ്ചുതകർന്ന സിദ്ധമ്മ ചികിത്സക്കായി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ കടന്നുപോയി, മകന്റെ അവസ്ഥയിൽ മാറ്റമുണ്ടായില്ല. കണ്ണീരോടെ അമ്മ കാത്തിരുന്നു. 

ജൂലൈ മൂന്നിന് കിരണിന് മസ്തിഷകമരണം സംഭവിച്ചെന്ന് ഡോക്ടർമാർ സിദ്ധമ്മയെ അറിയിച്ചു. പിന്നാലെ കിരണിന് സ്വന്തം നാടായ പില്ലാരമാരയിലേക്ക് സിദ്ധമ്മ കൊണ്ടുപോയി. മകനെ കൈവിടാൻ മനസ്സുവന്നില്ല, പ്രതീക്ഷയോടെ കാത്തിരിക്കാൻ സിദ്ധമ്മ തയ്യാറായിരുന്നു. സ്വന്തം വീട്ടിൽ മകനെ സ്നേഹത്തോടെ ശുശ്രൂശിച്ച് സിദ്ധമ്മ കാത്തിരുന്നു. 

എന്നാൽ വീട്ടിലെത്തിയ അന്ന് രാത്രി സിദ്ധമ്മ കണ്ടു, മകന്റെ കണ്ണിൽ നിന്ന് കണ്ണീരൊഴുകി വീഴുന്നത്. ഉടൻ പ്രദേശത്തെ ഡോക്ട‌റെ വിവരമറിയിച്ചു. ''പൾസ് കുറവായിരുന്നു.  ഹൈദരാബാദിലുള്ള ഡോക്ടറെ ഞാൻ വിളിച്ചു, സാഹചര്യത്തെക്കുറിച്ച് വിവരമറിയിച്ചു. നാല് ഇഞ്ചക്ഷൻ നൽകാൻ ഡോക്ടർ നിർദേശിച്ചു''- റെഡ്ഡി പറഞ്ഞു. 

വരുംദിവസങ്ങളിൽ കിരണിന്റെ നില മെച്ചപ്പെട്ടു. ഇപ്പോൾ കിരൺ അമ്മയോട് സംസാരിക്കുന്നുണ്ട്. കിരണിനെ തിരിച്ചുകൊണ്ടുവന്നത് അമ്മയുടെ സ്നേഹമാണെന്ന് റെഡ്ഡിയും പറയുന്നു.