തളര്‍ച്ച താല്‍ക്കാലികം; നടപ്പുവർഷം ഏഴ് ശതമാനം വളര്‍ച്ച ലക്ഷ്യം: റിപ്പോര്‍ട്ട്

loksabha-talaq
SHARE

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തെ നിലവിലെ തളര്‍ച്ച താല്‍ക്കാലികമാണ്. ഇന്ധന വില കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വെച്ചു.  

2025ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗരേഖയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇതിന് വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമാകണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക രംഗത്തെ തളര്‍ച്ച, ജിഎസ്ടി, കാര്‍ഷിക പ്രശ്നങ്ങള്‍ ഇവയാണ് പ്രധാന പ്രതിസന്ധികള്‍. മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ചുമതലയേറ്റശേഷമുള്ള ആദ്യ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടാണ്. 2018 –19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് രാജ്യത്തുണ്ടായത്. 6.8 ശതമാനം. ഇതില്‍ നിന്ന് വലിയ മുന്നേറ്റം ഇത്തവണയുണ്ടാകും. ഏഴ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷ. നിക്ഷേപങ്ങള്‍ ഉയര്‍ത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. 

നിക്ഷേപരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ പ്രകടമാണ്. 2020 സാമ്പത്തിക വര്‍ഷം നിക്ഷേപം ഉയരും. വ്യക്തമായ ഭൂരിപക്ഷം സര്‍ക്കാരിനുള്ള സാഹചര്യത്തില്‍ രാഷ്ട്രീയ സ്ഥിരത സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകും. സാമ്പത്തിക ഏകീകരണത്തിന്‍റെയും പരിഷ്ക്കാരങ്ങളുടെയും പാതയില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കില്ല. കയറ്റുമതി കൂടുതല്‍ ഉൗര്‍ജിതമാക്കണം. നയങ്ങളില്‍ സ്ഥിരത പാലിച്ച് വിദേശ നിക്ഷേപത്തിന് വിശ്വാസയോഗ്യമായ അന്ത:രീക്ഷമുണ്ടാക്കണം. തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ വളര്‍ച്ച ഇടിവിന് കാരണമായി. ധനക്കമ്മി 5.8 ശതമാനമായി. 2018 സാമ്പത്തിക വര്‍ഷം 6.4 ശതമാനമായിരുന്നു ധനക്കമ്മി. എണ്ണ വില കുറയുമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...