രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല; വ്യക്തമാക്കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ശ്രീനാരായണ ഗുരുവിന്‍റെ വരികള്‍ ചൊല്ലിയും പെരിയാറിനെ ഗംഗയുടെ മാതൃകയില്‍ ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്തും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. മുത്തലാഖ് ബില്‍, അനധികൃത കുടിയേറ്റം തടയല്‍, തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ ഉറച്ച് മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനം അടിവരയിട്ട് പറയുന്നു. കര്‍ഷകക്ഷേമത്തിനും സ്ത്രീ സുരക്ഷയ്ക്കും സര്‍ക്കാര്‍ ഉൗന്നല്‍ നല്‍കും. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് വ്യക്തമാക്കി. 

മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യം വിളികള്‍ നിറ‍ഞ്ഞ രണ്ട് സഭാ ദിനങ്ങള്‍ക്ക് ശേഷം വിദ്വേഷത്തിന്‍റെ അതിരുകള്‍ മായ്ക്കുന്ന ശ്രീനാരായണഗുരു സൂക്തത്തോടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം. 2019ലെ ജനവിധി വ്യക്തമായിരുന്നുവെന്ന് രാഷ്ട്രപതി. 2014 മുതലുള്ള വികസപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ പുതിയ ഇന്ത്യ എന്നതാണ് ലക്ഷ്യം. 13,000 കോടി രൂപയുടെ കര്‍ഷകക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മൂന്ന് വന്‍ സമ്പദ് ശക്തികളിലൊന്നായി ഇന്ത്യമാറും. 5 ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകും. ജലദൗര്‍ലഭ്യം രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയാണ്. നമാമി ഗംഗ പദ്ധതിയുടെ മാതൃകയില്‍ പെരിയാറും കാവേരിയുമടക്കം ദക്ഷിണേന്ത്യയിലെ നദികള്‍ ശുദ്ധീകരിക്കും. 

മുത്താലാഖ് നിരോധ ബില്ലിനെ എല്ലാ എം.പിമാരും പിന്തുണയ്ക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ചെലവ് കുറയ്ക്കാനും വികസനം തടസപ്പെടാതിരിക്കാനും തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണം. ജിഎസ്ടി ഇനിയും ലളിതമാക്കും. കള്ളപ്പണത്തിനെതിരായ നടപടി തുടരും. കൂടുതല്‍ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ നടപ്പാക്കും. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കും. പൗരത്വ റജിസ്റ്റര്‍ യഥാര്‍ഥ്യമാക്കും. മാവോയിസ്റ്റ് ഭീഷണി ഉന്മൂലനം ചെയ്യും. ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണ നിലയിലാക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന നയം തുടരും. മിന്നാലാക്രമണത്തെയും വ്യോമാക്രമണത്തെയും പ്രശംസിച്ചു. 2022ല്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുമെന്നും രാഷ്ട്രപതി പറഞ്ഞു.