അഭിനയിക്കാനില്ല; ജനങ്ങളുടെ ശബ്ദമാകും; മനസ്സ് തുറന്ന് സുമലത

ലോക്സഭയില്‍ മാണ്ഡ്യയിലെ ജനങ്ങളുടെ ശബ്ദമായി നിലകൊള്ളുമെന്ന് മലയാളത്തിന്‍റെ പ്രിയനടി കൂടിയായ സുമലത എം.പി. നിലവില്‍ ജനസേവനത്തിനാണ് പരിഗണനയെന്നും അഭിനയം ആലോചനയിലില്ലെന്നും സുമലത ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു

മാണ്ഡ്യയില്‍നിന്നുള്ള ജയം സുമലതയ്ക്ക് ഇരട്ടിമധുരമാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്‍റെ ഭാര്യക്ക് ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയില്ല. മാണ്ഡ്യ സീറ്റ് ജെ.ഡി.എസിനു നല്‍കേണ്ടിവന്നു. ജെ.ഡി.എസ്. നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുെട മകന്‍ നിഖിലിനെതിരെ സ്വതന്ത്രയായി മല്‍സരിച്ച് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. ബി.ജെ.പി. സുമലതയെ പിന്തുണച്ചു. തരംതാണ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെയല്ല മറിച്ച് അന്തസ്സോടെ ജയിക്കാമെന്ന് താന്‍ തെളിയിച്ചിരിക്കുകയാണെന്ന് സുമലത പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് മാണ്ഡ്യയിലെ ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. 

നിലവില്‍ ജനസേവനത്തിനാണ് ഊന്നല്‍. അഭിനയം ഇപ്പോള്‍ ആലോചനയിലില്ല. തന്‍റെ കരിയറിലെ മികച്ച സിനിമകള്‍ മലയാളിത്തിലായിരുന്നുവെന്നും സുമലത പറഞ്ഞു. 

മലയാളികള്‍ തനിക്ക് നല്‍കിയ സ്നേഹം ഏറെ വിലപ്പെട്ടതാണെന്നും സുമലത പറഞ്ഞു.