വയറുവേദനയെന്ന് പ്രജ്ഞ സിംഗ്; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി; ഒളിച്ചുകളി?

pragya-singh-thakur
SHARE

മലേഗാവ്‌ സ്‌ഫോടനക്കേസിൽ രണ്ടാംതവണയും കോടതിയിൽ ഹാജരാകാതെ ബി.ജെ.പി എം.പി പ്രജ്ഞ സിംഗ് താക്കൂർ. അനാരോഗ്യം കാരണമാണ്‌ പ്രജ്ഞ സിംഗ് കോടതിയിൽ ഹാജരാകാത്തതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വയറു വേദന കാരണം ആശുപത്രിയില്‍ കഴിയുന്ന പ്രജ്ഞയ്ക്ക് മുംബൈയിലെ പ്രത്യേക കോടതി ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇന്ന് ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പ്രജ്ഞയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ആഴ്‌ച ഇത്‌ രണ്ടാം തവണയാണ്‌ കേസിന്റെ വാദത്തിന് പ്രജ്ഞ സിംഗ്‌ കോടതിയിൽ ഹാജരാകാത്തത്‌. വയറിന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്‌ച രാത്രി പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ അവർ ആശുപത്രി വിട്ടു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായാണ് പോയത്.

രക്തസമ്മർദ്ദത്തെതുടർന്ന് യാത്ര ചെയ്യാൻ കഴിയില്ലെന്നും അതുകൊണ്ടാണ്‌ ഭോപ്പാലിൽ നിന്ന് മുംൈബയിലെ കോടതിയിൽ ഹാജരാകാൻ കഴിയാത്തതെന്നും പ്രജ്ഞയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇനി ഇളവ് നൽകില്ലെന്നും വെള്ളിയാഴ്ച പ്രജ്ഞ സിംഗ്‌ കോടതിയിൽ ഹാജരായേ മതിയാകൂ എന്നും കോടതി നിർദേശിച്ചിരുന്നു. ഹാജരായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ്‌ നൽകി.

ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു.

പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്‌ക്കെടുത്തികരുന്നില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.

MORE IN INDIA
SHOW MORE