ആകാശമലിഞ്ഞ് ആഷിഷ്, റഡാറിൽ നിന്ന് മറയുന്നതു കണ്ടത് ഭാര്യ; വിഷാദസന്ധ്യ

flight-missing-wife
SHARE

ന്യൂഡൽഹി ∙ ഭർത്താവ് പറത്തിയ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ. അസമിലെ ജോർഹട്ടിൽ നിന്നു പറന്നുയർന്ന ശേഷം കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനം അപ്രത്യക്ഷമാകുമ്പോൾ എയർ ട്രാഫിക് കൺട്രോളിൽ ഇരുന്നത് പൈലറ്റ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ആഷിഷ് തൻവാറിന്റെ  ഭാര്യ സന്ധ്യ സിങ്ങായിരുന്നു.

അരുണാചൽ പ്രദേശിലെ മേചുക താവളത്തിലേക്കു പോകാനാണ് ജോർഹട്ടിൽ നിന്ന് എഎൻ 32 വിമാനം പറന്നുയർന്നത് – ഈ മാസം 3ന് ഉച്ചയ്ക്ക് 12.25 ന്. ആ സമയം ജോർഹട്ട് എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിൽ ‍ഡ്യൂട്ടിയിലായിരുന്നു സന്ധ്യ. ഒരു മണി വരെ വിമാനവുമായി എടിസിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ പിന്നീട് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 

ഹരിയാനയിലെ പൽവലിലാണ് ആഷിഷ് തൽവാറിന്റെ വീട്. ഉടൻ സന്ധ്യ വിവരം ആഷിഷിന്റെ അമ്മാവൻ ഉദയ് വീർ സിങ്ങിനെ അറിയിച്ചു. ചൈനാ അതിർത്തിയിലേക്ക് വിമാനം പോയിട്ടുണ്ടാവുമെന്നും എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടാവും എന്നുമായിരുന്നു പ്രതീക്ഷ. അസമിലെ കൊടും വനത്തിനു മുകളിലൂടെ ആയിരുന്നു വിമാനം പോയിരുന്നത്.

ആഷിഷ് സന്ധ്യയെ വിവാഹം കഴിച്ചത് 2018 ഫെബ്രുവരിയിലാണ്. സന്ധ്യയുടെ കുടുംബം ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ്. 2013 ൽ വ്യോമസേനയിൽ ചേർന്ന ആഷിഷ് 2015 ലാണ് പരിശീലനത്തിനു ശേഷം ജോർഹട്ടിൽ എത്തിയത്. അവിടെയാണ് സന്ധ്യയെ കണ്ടുമുട്ടിയതും ബന്ധം വിവാഹത്തിലെത്തിയതും

ഈ വിമാനത്തിലെ മറ്റൊരു പൈലറ്റ് ഫ്ലൈറ്റ് ലഫ്റ്റനന്റ് മോഹിത് ഗാർഗ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്.  കാണാതായ വിമാനം ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി 'അപ്ഗ്രേഡ് ചെയ്തത് ആയിരുന്നില്ല.

അതു കൊണ്ടു തന്നെ വനത്തിനുള്ളിൽ എവിടെയെങ്കിലും വീണതാണെങ്കിൽ കണ്ടെത്താൻ എളുപ്പമല്ല. അപ്ഗ്രേഡ് ചെയ്ത വിമാനങ്ങളിൽ എമർജൻസി ലൊക്കേറ്റർ ബീക്കൺ സിഗ്നൽ ഉണ്ട്. 

ഇന്ത്യൻ നാവികസേനയുടെ പി 81 വിമാനത്തെ ചൊവ്വാഴ്ച തിരച്ചിലിനു നിയോഗിച്ചു. ഈ വിമാനത്തിന് ഇലക്ട്രോ–ഓപ്റ്റിക്കൽ, ഇൻഫ്രാ റെഡ് സെൻസറുകൾ ഉള്ളത് തിരച്ചിലിനു സഹായകരമാകും. െഎഎസ്ആർഒയുടെ കാർട്ടോ സാറ്റ്, റിസാറ്റ് എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്

MORE IN INDIA
SHOW MORE