നൂറ് ഊടുവഴികള്‍; നൂറായിരം രുചികൾ; ജുമാ മസ്ജിദിലെ റമദാൻ കാഴ്ചകൾ

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയുടെ പതിവുകളിൽ നിന്ന് വ്യത്യസ്തമാണ് പരിശുദ്ധ റംസാൻ കാലത്ത് പഴയ ഡൽഹിയിലെ ജുമാ മസ്ജിദ് പരിസരം. സന്ധ്യയ്‌ക്ക് ഉണർന്ന് പുലർച്ചെ വരെ ഇമചിമ്മാതെ ഉണർന്നിരിക്കും ഈ നഗരപ്രദേശം. പതിവായി രണ്ടായിരം പേരെങ്കിലും ഇവിടെ നോമ്പു തുറക്കാനെത്തും. രുചിയുടെ പുത്തൻ അനുഭവം നുകരാനും പഴയ ഡൽഹിയിൽ തന്നെ വരണം.

മുഗള്‍ സംസ്കാരത്തിന്റെ ശേഷിപ്പുകളും പ്രൗഢിയും ചുമലിലേറ്റി നടക്കുന്ന പഴയ ഡല്‍ഹിയിലെ ജുമാ മസ്ജിദും പരിസരവും പരിശുദ്ധ റംസാന്‍ മാസത്തില്‍ സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളാണ്. സന്ധ്യയ്‍ക്ക് ഉദിച്ച്, രാത്രി മുഴുവന്‍ നിലാവുപരത്തി പുലര്‍ച്ചയോടെ ഉറക്കത്തിലേക്ക് വഴുതിവീഴും. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച മതില്‍ക്കെട്ടിനുള്ളിലെ നഗരമായ ഷാജഹാനാബാദ് എന്ന ഇന്നത്തെ പഴയ ‍ഡല്‍ഹിയിലാണ് 1656ല്‍ നിര്‍മാണം പൂര്‍ത്തിയായ ജുമാ മസ്ജിദ്. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പഴയ ഡല്‍ഹിയുടെ മൊഞ്ച് കൂടിക്കൂടി വരുന്നതായി കാണാം. പുണ്യമാസത്തില്‍ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള മാതിയ മഹളും മീണാ ബസാറുമെല്ലാം പുലര്‍ച്ചെ വരെ ഇമ ചിമ്മാതെ ഉണര്‍ന്നിരിക്കും. 

ജുമാ മസ്ജിദിലെ നോമ്പുകാലം ചരിത്രവും വര്‍ത്തമാനവും കൂടിക്കലര്‍ന്ന അപൂര്‍വ ചേരുവയാണ്. പഴമയും പുതുമയും ഒത്തുചേരുന്ന പ്രൗഢമായ സംസ്കാരത്തിന്റെ കൂടി ദിനങ്ങള്‍. നോമ്പും പെരുന്നാളും ഒരേ തെരുവിന്റെ രണ്ടറ്റത്ത് അനുഭവിച്ച് അറിയണമെങ്കില്‍ ഇവിടെയെത്തണം. രുചിവൈവിധ്യത്തിന്റെ മേമ്പൊടി കൂടി ചേരുമ്പോള്‍ ഒരിക്കലും മായാത്ത അനുഭവമായി മനസിലും നാവിലും തങ്ങിനില്‍ക്കും. 

മാതിയ മഹലിലെ ഓരോ തെരുവും സമ്മാനിക്കുന്നത് പകരം വയ്‍ക്കാനില്ലാത്ത രുചിയുടെ ഉല്‍സവം. നൂറ് ഊടുവഴികളില്‍ നൂറായിരം രുചി. രുചിയുടെ പുതുവഴികള്‍ തേടുമ്പോള്‍ വയറ് മാത്രമല്ല, മനസും നിറയും. കരീംസിലെ ചിക്കൻ ജഹാംഗീരിയും അസ്‌ലം കാ ചിക്കനിലെ കബാബുമെല്ലാം രുചിപ്പെരുമയുടെ ഇടത്താവളങ്ങൾ. പിന്നെ, പേരറിയാത്ത എത്രയെത്ര കടകൾ. ഫെനി മുതൽ ഹലീം വരെയും കബാബ് മുതൽ കുൽഫി വരെയും നാവിലേക്ക് സമ്മാനിക്കുന്നത് രുചിയുടെ പുത്തന്‍ അനുഭവം. 1906ല്‍ കബിര്‍ മുഹമ്മദ് കബീറുദ്ദീന്‍ തയാറാക്കിയ രുചികൂട്ടായ റൂഫ്അഫ്സയുടെ മധുരം നുകരാനും ഇവിടേക്ക് വരണം. 

കാലം പിന്നിലേക്കു സഞ്ചരിക്കുന്ന സമയം കൂടിയാണു പഴയ ഡൽഹിക്കു റംസാൻ. കാലത്തിന്റെ കുത്തൊഴുക്ക് മായ്ച്ചുകളഞ്ഞ ചില അടയാളങ്ങളെയും ഓർമകളെയും അതു മടക്കിക്കൊണ്ടുവരും. മാതിയ മഹൽ മാർക്കറ്റിനു റമസാന്റെ ഗന്ധമാണെങ്കിൽ തൊട്ടപ്പുറത്തെ മീണാ ബസാറിനു പെരുന്നാളിന്റെ ചേലാണ്. പെരുന്നാൾ മോടിയാക്കാനുള്ള വിഭവങ്ങൾ റംസാൻ ഒന്നു മുതൽ ഇവിടെ നിറയും. കാലത്തിനനുസരിച്ച് അതിന്റെ രൂപഭാവങ്ങൾ മാറുമെന്നു മാത്രം. കാലത്തെ പിടിച്ചുനിർത്തുന്ന ഒരു മാന്ത്രികവിദ്യ ഈ സ്ഥലത്തിനുണ്ട്. റംസാൻ കാലത്തെ രാത്രികളിൽ അതു കൂടുതൽ പുതുമയോടെ പഴക്കമുള്ളതാകും. മുഗൾ ഭരണ കാലത്തിന്‍റെ പെയിന്റിങ്ങുകൾക്കു ജീവൻവച്ചപോലെ ഈ നഗരം ചരിത്രത്തിനു പിന്നിലേക്കു സഞ്ചരിക്കും.

MORE IN INDIA