‘എങ്കിലും’, വോട്ടിങ് യന്ത്രങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമോ എക്സിറ്റ് പോൾ ഫലങ്ങള്‍?

modi-rahul-tony
SHARE

ഒരടി കൊടുത്താൽ തീരുന്നതാണല്ലോ നമ്മളിൽ മിക്കവരുടെയും വിദ്വേഷങ്ങളൊക്കെ. ആ അടിയുടെ മറുമരുന്നായി ജനം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തുവെന്നു വേണം ഇൗ രണ്ടു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ സൂചനകളിൽനിന്നു മനസ്സിലാക്കാൻ. മലയാള മനോരമ പത്രാധിപ സമിതിയംഗം കെ.ടോണിജോസ് എഴുതുന്നു

എക്സിറ്റ് പോളുകൾ പാടേ പാളിപ്പോയ പല അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. പക്ഷേ, എല്ലാ പോളുകളും ഒരേ ദിശയിലേക്കു തന്നെ ചാഞ്ഞു നിൽക്കുമ്പോൾ, അതിന്റെ വിപരീത ദിശയിലേക്കുള്ള സഞ്ചാരം സാധാരണ നിലയിൽ അപൂർവമാണെന്നു വേണം കരുതാൻ. ഇത്തരം പോളുകളിലെ അശാസ്ത്രീയത, ഇറർ മാർജിൻ, കൃത്രിമം കാട്ടാനുള്ള സാധ്യത തുടങ്ങി എല്ലാ സാധ്യതകളും കണക്കിലെടുത്താലും ദിശാസൂചന അംഗീകരിച്ചേ പറ്റൂ. അക്കങ്ങളിൽ മാറ്റമുണ്ടായേക്കാം. പക്ഷേ, സൂചന വ്യക്തമാണെന്നു തോന്നുന്നു. എക്സിറ്റ് പോളുകൾ പൊതുവേ സൂചിപ്പിക്കുന്നതിൽനിന്ന് 20–30 സീറ്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിമറിഞ്ഞുള്ള ഫലത്തിനാണു സാധ്യത കൂടുതൽ; സാധ്യതകളാകുമ്പോൾ എന്തും അസാധ്യമല്ല എന്നത് അംഗീകരിച്ചുകൊണ്ടുതന്നെ...! 

ഗുജറാത്തിനും കർണാടകയ്ക്കും ഇടയിൽ 

രാഹുൽ ഗാന്ധിയും പ്രിയങ്കയും ഈ തിരഞ്ഞെടുപ്പിൽ നന്നായി അധ്വാനിച്ചു എന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. പ്രചാരണഘട്ടത്തിൽ അവരുടെ സാന്നിധ്യവും ഇടപെടലുകളും പര്യടനങ്ങളുമൊക്കെ പൊതുവേ മുഖം കടുത്ത ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു സൗമ്യഛായ നൽകിയിട്ടുണ്ട്. വിദ്വേഷത്തിന്റെ അന്തരീക്ഷം നേർപ്പിക്കുന്നതിൽ അവരുടെ സാന്നിധ്യം പ്രധാനമായിരുന്നു എന്നു സമ്മതിക്കണം. മടിച്ചു നിന്ന രാഷ്ട്രീയക്കാരനിൽനിന്ന്, ഉറച്ച ചുവടും ശബ്ദവും മൗലികതയുമുള്ള രാഷ്ട്രീയ നേതാവായുള്ള രാഹുലിന്റെ രൂപാന്തരം നിരീക്ഷിക്കുന്നതു തന്നെ കൗതുകകരമാണ്. 

counting-daynew

ഇതിന്റെയെല്ലാം ഫലം അവരുടെ സീറ്റെണ്ണത്തിൽ  പ്രതിഫലിച്ചേക്കാം.  19.5 ശതമാനം വോട്ടും  44 സീറ്റും എന്ന നിലയിൽനിന്നാണ് അവർ തുടങ്ങിയത് എന്നാലോചിക്കണം. അധികം കിട്ടുന്ന ഓരോ സീറ്റും നേട്ടം തന്നെയാണ്. 

പക്ഷേ, 19.5 ശതമാനത്തിൽനിന്ന് ഭരണം പിടിക്കുന്നതിന്റെ അടുത്തെങ്കിലുമെത്താൻ എത്ര വലിയ വോട്ടു മാറ്റം(സ്വിങ്)  വേണെന്നാലോചിക്കണം. അതിനുള്ള ഘടകങ്ങളെല്ലാം വേണ്ട രീതിയിൽ ഇൗ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലാണു സംശയം. എക്സിറ്റ് പോളുകൾ നൽകുന്ന സൂചനയും മറ്റൊന്നല്ല. 

രാഹുലിനും പ്രിയങ്കയ്ക്കുമപ്പറും കോൺഗ്രസിന്റെ മുൻനിര നേതാക്കൾ, രണ്ടാം നിര തന്ത്രജ്ഞർ ആരായിരുന്നു? ഈ തിരഞ്ഞെടുപ്പിൽ മിസ്സിങ് ആയ ഒരു വിഭാഗമായിരുന്നു അവർ. പ്രചാരണത്തിന്റെ എല്ലാ ഭാരവും രണ്ടു പേരുടെ ചുമരിൽ ഒതുങ്ങി.  2017 ഗുജറാത്ത് തിരഞ്ഞെടുപ്പിനു സമാനമാണ് കോൺഗ്രസിന്റെ ഇൗ തിരഞ്ഞെടുപ്പിലെ അവസ്ഥ. നന്നായി പണിയെടുത്തു, ലക്ഷ്യം കണ്ടില്ല. 2018 ലെ കർണാടക തിരഞ്ഞെടുപ്പു വരെ അവർ എത്തിയെന്നു തോന്നുന്നുമില്ല – അതായത് കൂടുതൽ സീറ്റു നേടിയിട്ടും കുറഞ്ഞ സീറ്റുള്ളവരെ പിന്തുണച്ച് ഭരണം പിടിക്കാനുള്ള നില. 2017 ഗുജറാത്തിനും 2018 കർണാടകയ്ക്കും ഇടയിലാകും നാളെ കോൺഗ്രസ്. 

കുതിരയും ആനയും 

തിരഞ്ഞെടുപ്പ് മൈക്രോ മാനേജ് ചെയ്യുന്നതിലെ ബിജെപിയുടെ അപാരമായ ശേഷിയാണ്, തരംഗങ്ങളില്ലാതെയും ഭരണവിരുദ്ധ വികാരം അൽപസ്വൽപമൊക്കെയുണ്ടായിട്ടും അവർ ജയിക്കുന്നെങ്കിൽ അതിനു കാരണം. 

തിരഞ്ഞെടുപ്പു ഷെഡ്യൂൾ നിശ്ചയിച്ചതിൽ മുതൽ അതു കാണാം. ഓരോ ഘട്ടത്തിനും വേണ്ടി തരംതിരിച്ചുള്ള സ്ട്രാറ്റജിയും അത് അതിവേഗം ജനങ്ങളിലേക്കെത്തിക്കാനുള്ള 

സംഘടനാ  മികവുമാണ് ബിജെപിയുടെ വിജയത്തിന്റെ അടിസ്ഥാനം. പോരാത്തതിന് പാളിച്ച പറ്റിയാൽ അതിവേഗം തിരുത്താനുള്ള (course correction)  കഴിവും.  

കോൺഗ്രസിന്റെ ഇക്കാര്യങ്ങളിലെ കഠിനമായ ശേഷിക്കുറവ് ഇൗ തിരഞ്ഞെടുപ്പിലും വ്യക്തമായി തെളിഞ്ഞു കാണുകയും ചെയ്തു. ന്യായ് മുതൽ അവരുടെ മുദ്രാവാക്യങ്ങൾ എവിടെയുമെത്തിയില്ല. രാഹുൽ ഗാന്ധി എല്ലാ യോഗങ്ങളിലും എല്ലാ മാധ്യമ അഭിമുഖങ്ങളിലും ഇതെടുത്തു പറഞ്ഞുവെങ്കിലും താഴെത്തട്ടിലേക്ക് അതെത്തിക്കാനുള്ള സംവിധാനങ്ങൾ കോൺഗ്രസിന് ഒന്നെങ്കിൽ ഇല്ലാതെ പോയി, അല്ലെങ്കിൽ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല. നേരത്തെ പറഞ്ഞ, രണ്ടാം നിര, മൂന്നാംനിര, താഴേത്തട്ട് സംവിധാനങ്ങളുടെ അഭാവമാണ് അതിനു കാരണം. 

ഇന്ത്യ ഏറ്റു ചൊല്ലിയ ഏക പ്രതിപക്ഷ മുദ്രാവാക്യം ഒരുപക്ഷേ, ‘ചൗക്കിദാർ ചോർ ഹെ’ മാത്രമാണ്. അതിന്റെ പ്രാസം കൂടിയാകണം ആ മുദ്രാവാക്യത്തെ ജനപ്രിയമാക്കിയത്. പക്ഷേ, അതുകൊണ്ട് കോൺഗ്രസിന് മെച്ചമല്ല ഉണ്ടായതെന്നു വിലയിരുത്തിയാൽ തെറ്റുപറയാനാകില്ല. മോദിക്കെതിരായ ഇൗ മുദ്രാവാക്യം മോദി അനുകൂലികളെ കലികൊള്ളിക്കാനും അവരുടെ കൺസോളിഡേഷനുമാണ് വഴി തെളിച്ചത്.  ‘ചൗക്കിദാർ ചോർ ഹെ’ മോദിക്കു ഗുണപ്പെട്ടുവെന്നു ചുരുക്കം. 

എക്സിറ്റ് പോളുകൾ വന്നതിനു ശേഷം ബിജെപിക്കുണ്ടായ ഉൗർജം ഒന്നു ശ്രദ്ധിച്ചു നോക്കൂ. എത്ര പെട്ടെന്നാണ് അവരുടെ മെഷിനറി ഉണർന്നു പ്രവർത്തനമാരംഭിച്ചത്. വിരുന്നായി, ആഘോഷമായി, സഖ്യകക്ഷികളുടെ വരവായി, പിന്തുണ അറിയിച്ചു കത്തും കൊടുത്തു. ഭരണവും സ്രോതസ്സുകളും കൈപ്പിടിയിലുള്ളത് അവരെ സഹായിക്കുന്നുവെന്നതു സത്യമാണ്. എങ്കിലും, മറുവശത്ത് പ്രതിപക്ഷം ഇപ്പോഴും കഷ്ടപ്പെടുന്നതു നോക്കൂ; തിരഞ്ഞെടുപ്പിനു മുൻപ് ധാരണകളിലെത്താൻ എത്രമാത്രം ബുദ്ധിമുട്ടിയോ അതേ അളവിൽ. ബിജെപി സദാ ജാഗരൂകമായ, ഊർജം തുളുമ്പുന്ന ഒരു കുതിരയാണെങ്കിൽ പ്രതിപക്ഷം, കോൺഗ്രസ് പ്രത്യേകിച്ചും എണീക്കാൻ ബുദ്ധിമുട്ടുന്ന ഒരു മടിയൻ ആനയാണ്. 

സഹശയനം 

വിശ്വസനീയമായ ആയ സഖ്യങ്ങൾ ഉണ്ടാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നതും യാഥാർഥ്യമാണ്. ഏറ്റവും മികച്ച ഉദാഹരണം, കർണാടകയിലെ കോൺഗ്രസ് – ജനതാ ദൾ (എസ്) സഖ്യമാണ്. തിരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന ഒരു കൂട്ടാണിത്. ചില ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ചുവെങ്കിലും ഒരു പൂർണ തിരഞ്ഞെടുപ്പിനെ അവർ ആദ്യമായി നേരിടുകയാണ്. ഇത്രനാൾ പരസ്പരം കടുപ്പമായി പോരാടിയ കക്ഷികളാണ്. ഒരുമിച്ചു ഭരിക്കുന്നു എന്നതു ശരി തന്നെ. പക്ഷേ, തെരുവിൽ, അവരുടെ അണികൾക്ക് കൈകോർക്കുക എളുപ്പമല്ല. അധികാരമുള്ളിടത്തേ ശത്രുക്കൾക്ക് പരസ്പരം പൊറുത്തും മറന്നും സഹശയനം സാധ്യമാകൂ. 

യുപിയിലെ  എസ്‍പി – ബിഎസ്‍പി സഖ്യത്തിനും ഇതേ പ്രശ്നമുണ്ട്. ചില ഉപതിരഞ്ഞെടുപ്പുകളിൽ അവരും വിജയിച്ചു എന്നതു ശരിയാണ്. സാമുദായിക ഘടകങ്ങളിലെ ചില മെച്ചങ്ങളുണ്ടെങ്കിലും വലിയ തിരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രവർത്തിക്കുമെന്നു കണ്ടു തന്നെ അറിയണം.   (ബിഹാറിലെ ജെഡിയു – ആർജെഡി – കോൺഗ്രസ് സഖ്യത്തിന്റെ വൻ വിജയം നൽകിയ മറുപാഠവും  മറക്കുന്നില്ല.) 

ഡൽഹിയിൽ കോൺഗ്രസ് – ആം ആദ്മി സഖ്യമുണ്ടായിരുന്നുവെങ്കിലും ഇതേ അവസ്ഥ വന്നേനെ. 

ഒരടി കൊടുത്താൽ... 

3 സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായ പരാജയം അവർക്കുതന്നെ  മെച്ചമായി ഭവിച്ചുവെന്നും കരുതണം. രാജസ്ഥാനിലും മധ്യപ്രദേശിലും ജനം ബിജെപിക്കെതിരെ വൻതോതിൽ വോട്ടു ചെയ്തിരുന്നില്ല. എന്നിട്ടും ഭരണം കോൺഗ്രസിനു ലഭിച്ചു. അതാതിടത്തെ ബിജെപി സർക്കാരുകളോട് അവിടങ്ങളിലെ ജനത്തിനുണ്ടായിരുന്ന ചെറുതെങ്കിൽ ചെറുതായ വിയോജിപ്പും എതിർപ്പും നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ വോട്ടു ചെയ്തു തീർത്തു. അതോടെ, അതു തീർന്നു. 

ഒരടി കൊടുത്താൽ തീരുന്നതാണല്ലോ നമ്മളിൽ മിക്കവരുടെയും വിദ്വേഷങ്ങളൊക്കെ. ആ അടിയുടെ മറുമരുന്നായി ജനം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തുവെന്നു വേണം ഇൗ രണ്ടു സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോൾ സൂചനകളിൽനിന്നു മനസ്സിലാക്കാൻ. 

ഏവിയേഷൻ ഫ്യൂവൽ

ഇൗ തിരഞ്ഞെടുപ്പിനെ ബാലാക്കോട്ടിനു മുൻപും ശേഷവും എന്നു വളരെ കൃത്യമായി തരംതിരിക്കാം. ബാലാക്കോട്ടാണ്, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ, ഭരണവിരുദ്ധ വികാരം, വ്യവസായത്തകർച്ച, വർഗീയത തുടങ്ങി എല്ലാ തിരഞ്ഞെടുപ്പു വിഷയങ്ങളെയും അപ്പാടെ മായ്ച്ചു കളഞ്ഞത്, അയോധ്യ വിഷയത്തെ പോലും. ദേശീയതയെ ജ്വലിപ്പിച്ചു നിർത്തുക എന്ന എക്കാലത്തെയും വലതുപക്ഷ തന്ത്രത്തിനു പറന്നുയരാൻ കിട്ടിയ ഏവിയേഷൻ ഫ്യൂവലായിരുന്നു ബാലാക്കോട്ട്. 

എങ്കിലും... 

ആ സാധ്യതയാണ് തുടക്കത്തിൽ പറഞ്ഞത്. ജനത്തിന്റെ മനസ്സാണ് വോട്ടിങ് മെഷീനിലുള്ളത്. ഒരു രാഷ്ട്രീയ വിശകലനത്തിനും പിടികൊടുത്തുവെന്നു വരില്ല ആ മനസ്സ്. 

എക്സിറ്റ് പോൾ ഫലമൊന്നും ബാലറ്റിലെ ജനമുദ്രകൾ അറിഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ടാണ്, ‘എങ്കിലും’  എന്ന വാക്ക് ബാക്കിയാകുന്നത്! 

(അഭിപ്രായം വ്യക്തിപരം) 

MORE IN INDIA
SHOW MORE