എക്സിറ്റ് പോൾ ഫലം എത്ര വിശ്വസിക്കാം?; 15 വര്‍ഷത്തെ ചരിത്രം പറയുന്നത് ഇങ്ങനെ

exit-poll
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂർത്തിയായ ശേഷം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഇന്ത്യ വീണ്ടും മോദി ഭരിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായും വിശ്വസിക്കാനും സാധിക്കില്ല എന്നാണ് ചരിത്രം ഓർമിപ്പിക്കുന്നത്. ഏജൻസികൾ പുറത്തുവിടുന്ന ഫലങ്ങൾ പൂർണമായി വിശ്വസിക്കുന്നതിന് മുൻപ് ചരിത്രം ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒന്ന്: 2004 ലോക്സഭാ തിരഞ്ഞെടുപ്പ്

എക്സിറ്റ് പോൾ ഫലങ്ങൾ വല്ലാതെ പാളിപ്പോയ തിരഞ്ഞെടുപ്പായിരുന്നു 2004–ലേത്. 240 മുതൽ 250 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു പോളുകളുടെ ശരാശരി കണക്ക്. ഔട്ട്‌ലുക്ക്-എം.ഡി.ആര്‍.എ ഫലം പ്രവചിച്ചത് എന്‍.ഡി.എക്ക് 290 സീറ്റും യു.പി.എക്ക് 169 സീറ്റുമാണ്. ആജ് തക്-ഓര്‍ഗ് മാര്‍ഗ് പ്രവചിച്ചത് എന്‍.ഡി.എക്ക് 248 സീറ്റും യു.പി.എക്ക് 190 സീറ്റുമാണ്. എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്‌സ്പ്രസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് എന്‍.ഡി.എ 250 സീറ്റും യു.പി.എ 205 സീറ്റും നേടുമെന്നാണ്. യു.പി.എക്ക് ഇരുന്നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നു പ്രവചിച്ചത് അവര്‍ മാത്രമാണ്. സ്റ്റാര്‍-സീ വോട്ടര്‍ പോള്‍ ഫലം എന്‍.ഡി.എക്ക് 275 സീറ്റും യു.പി.എക്ക് 186 സീറ്റും പ്രവചിച്ചു. സീ ന്യൂസ് പ്രവചിച്ചത് എന്‍.ഡി.എയ്ക്ക് 249 സീറ്റും യു.പി.എക്ക് 176 സീറ്റുമാണ്. പക്ഷേ ഫലം പുറത്തുവന്നപ്പോൾ ഇതിനെയെല്ലാം കാറ്റിൽ പറത്തി യുപിഎ 219 സീറ്റുകൾ നേടി അധികാരത്തിലേറി. 187 സീറ്റിൽ മാത്രം ഒതുങ്ങി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു അടൽ ബിഹാരി വാജ്‍പേയി നയിച്ച എൽഡിഎ സഖ്യം.

രണ്ട്: 2009 ലോക്സഭാ തിരഞ്ഞെടുപ്പ്

വീണ്ടും 2009–ൽ യുപിഎ അധികാരത്തിലേറുമെന്ന് പ്രവചിച്ചെങ്കിലും സീറ്റുകൾ കുറയുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. 196 സീറ്റുകൾ മാത്രമാകും യുപിഎ നേടുക എന്നായിരുന്നു പ്രവചനം. എന്നാൽ 262 സീറ്റുകൾ നേടി യുപിഎ സർക്കാർ രൂപീകരിച്ചു. എൻഡിഎയുടേതാകട്ടെ 159 സീറ്റുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 187 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.

മൂന്ന്: 2014 ലോക്സഭാ തിരഞ്ഞെടുപ്പ്

മോദി തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പ്. പ്രവചനങ്ങളെല്ലാം എൻഡിഎയ്ക്ക് അനുകൂലം. അതു തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷേ കണക്കുകൾ പലതും തെറ്റി. എൻഡിഎയ്ക്ക് 274 സീറ്റുകളാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ നേടിയതാകട്ടം 336 സീറ്റുകളും. വൻഭൂരിപക്ഷം. പ്രതീക്ഷകൾക്കപ്പുറം. 115 സീറ്റുവരെ കോൺഗ്രസ് നേടുമെന്ന് പ്രവചിച്ചയിടത്ത് വെറും 60 സീറ്റുകൾ മാത്രം. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു അത്.

നാല്: 2015 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്

2015-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ എക്‌സിറ്റ് പോളുകളും ആംആദ്മി പാര്‍ട്ടിയുടെ വിജയം തന്നെയാണ് പ്രവചിച്ചത്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നും പ്രതിപക്ഷമായി ബി.ജെ.പി വരുമെന്നുമുള്ള പ്രവചനങ്ങളൊക്കെ ശരിയായി. പക്ഷേ 70 അംഗ നിയമസഭയിലെ സീറ്റിന്റെ എണ്ണത്തില്‍ എല്ലാ എക്‌സിറ്റ് പോളുകളും പാളിപ്പോയി. ആംആദ്മി 48 സീറ്റ് നേടുമെന്നാണ് ടുഡേസ് ചാണക്യ അടക്കമുള്ളവർ പ്രവചിച്ചത്.  ബി.ജെ.പി  22 സീറ്റ് നേടുമെന്നും അവര്‍ പറഞ്ഞു. മറ്റ് എക്സിറ്റ് പോൾ ഫലങ്ങളും സമാനമായിരുന്നു. പക്ഷേ  ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി. 67 സീറ്റാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നേടിയത്. ബി.ജെ.പിക്കാവട്ടെ ലഭിച്ചത് വെറും മൂന്ന് സീറ്റും. 

അഞ്ച്: 2015 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്

ബിഹാറിൽ ബദ്ധവൈരികളായ നിധീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ലാലു പ്രസാദ് യാദവിന്റെ ആർ ജെ ‍‍ഡിയും കൂട്ടുകൂടി മഹാസഖ്യം രൂപീകരിച്ചാണ് പോരാട്ടത്തിനിറങ്ങിയത് . ബിജെപിയാകട്ടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടാതെ മോദിയുടെ പേരിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിയെ പിന്തുണച്ചു. 243 അംഗ നിയമസഭയിൽ 100 മുൽ 127 വരെ സീറ്റുകൾ ബിജെപി (എൻഡിഎ) നേടുമെന്ന് പ്രവചിച്ചു.  ആര്‍.ജെ.ഡി-ജെ.ഡി.യു-കോണ്‍ഗ്രസ് മുന്നണിക്ക് 117 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ 178 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ആര്‍.ജെ.ഡി.-ജെ.ഡി.യു-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി. 58 സീറ്റ് മാത്രമാണ് എന്‍.ഡി.എക്ക് ലഭിച്ചത്. നിതീഷ് കുമാര്‍ വീണ്ടും ഭരണത്തിലും എത്തി. 

പൂർണമായും അവിശ്വസിക്കുക എന്നല്ല ഇതിനര്‍ഥമെന്ന് ഓര്‍ക്കണം. അടുത്തിടെ നടന്ന മറ്റ് പല തിരഞ്ഞെടുപ്പുകളിലും എക്സിറ്റ് പോൾ ഫലങ്ങൾ ഏറെക്കുറേ കൃത്യമായിരുന്നു. ഇതൊന്നും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങളല്ല. സാമ്പിൾ വിവരങ്ങളെ ആസ്പദമാക്കിയാണ് എക്സിറ്റ് പോള്‍ ഫലം. വോട്ട് ചെയ്യുമ്പോഴുള്ള ജനങ്ങളുടെ മനസ്സിനെ ആസ്പദമാക്കയാണ് ഇത്. ഒരിക്കലും എക്സിറ്റ് പോൾ ഫലങ്ങളെ അവസാനവാക്കായി കണക്കാക്കാന്‍ പറ്റില്ല. അതിന് വോട്ടെണ്ണൽ ദിവസം വരെ കാത്തിരിക്കണം.

MORE IN INDIA
SHOW MORE