തലക്കെട്ടുകള്‍ നിറഞ്ഞ് മോദിയുടെ ധ്യാനം; ‘അത്യാധുനിക’ ഗുഹ ഒരുങ്ങിയത് ഇങ്ങനെ

webmodi
SHARE

തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് യാത്രയും ഗുഹാധ്യാനവുമെല്ലാം വാർത്തകളായും ട്രോളുകളായും നിറയുകയാണ്. ഇതിനിടെയിലാണ് ഗുഹയിലെ സുഖസൗകര്യങ്ങളും വാർത്തയാകുന്നത്. അത്യാധുനിക രീതിയിലുള്ള ഗുഹയാണ് മോദിയുടെ ധ്യാനത്തിനായി തയ്യാറായത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതിയും വെള്ളവും സുരക്ഷ മുൻനിർത്തി സാറ്റലൈറ്റ് ഫോണും ഗുഹയിൽ നേരത്തേ ഒരുക്കിയിരുന്നു. വിശ്രമത്തിനായി ബെഡ്റൂമും കട്ടിലും ഒരുക്കിയിരുന്നു.

മോദിയുടെ ധ്യാനത്തിന് മുമ്പായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തും ചീഫ് സെക്രട്ടറിയും പല തവണ ഗുഹാസന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. അഞ്ച് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുളള ഗുഹയിൽ ആഡംബരം വിളിച്ചോതുന്ന ശൗചാലയവും ഉണ്ട്. ഗുഹയ്ക്ക് ചുറ്റിലും മുറ്റവും സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്.

2018 ഏപ്രിൽ 20ന് ആരംഭിച്ച നവീകരണ ജോലികൾ മോദിയുടെ സന്ദർശനത്തിന് മുമ്പായി പൂർത്തീകരിച്ചു. മോദിയുടെ ഗുഹാസൗകര്യങ്ങൾക്കെതിരെ സൈബറിടങ്ങളിലും കമന്റുകൾ നിറയുന്നുണ്ട്. കൂടെ വന്ന സുരക്ഷ ഉദ്യോഗസ്ഥർക്കും കാമറാമാനും വരുന്ന ചെലവുകൾ കൂടി കണക്കാക്കിയാൽ ലക്ഷങ്ങൾ പൊടിയുമെന്നും പണ്ട് പ്രപഞ്ച പരിത്യാഗികളായ സന്ന്യാസിമാർ ചെയ്ത് പോന്ന ദാരിദ്ര്യം പിടിച്ച ധ്യാനം അല്ല എന്നും യൂത്ത് കോൺഗ്രസിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

വടക്കെ ഇന്ത്യയിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് മോദി നടത്തിയ ധ്യാനം അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ച ഗുഹയിലായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസത്തിന് 990 രൂപയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന അത്യാധുനിക ടെക്നോളജി സംവിധാനങ്ങളുള്ള ഗുഹയാണിത്. ആദ്യം 3000 രൂപ വാടക നിശ്ചയിച്ചിരുന്ന ഗുഹയ്ക്ക് പിന്നീട് 990 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഇലക്ട്രിസിറ്റി, കുടിവെള്ളം, ബാത്ത്റൂം, മൂന്നു നേരം ഭക്ഷണം, ചായ എന്നിവ ലഭിക്കുന്ന ഗുഹയാണിത്. ധ്യാനത്തിലിരിക്കുന്നവർക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാൻ കോൾബെല്ലുമുണ്ട്. അടിയന്തരഘട്ടത്തിൽ വിളിക്കാൻ സ്മാർട് ഫോൺ വരെ ഗുഹയിൽ ലഭ്യമാണ്.

മോദിയുടെ സന്ദർശനം മുൻനിർത്തി പ്രദേശവും ഗുഹയിലും സിസിടിവി സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഗുഹയ്ക്ക് പുറത്ത് എസ്പിജി സുരക്ഷയും ഉണ്ടായിരുന്നു.

MORE IN INDIA
SHOW MORE