അന്ന് എക്സിറ്റ്പോളുകൾ കടപുഴകി; ബിജെപിക്ക് കാലിടറി; രാജ്യം കാത്തിരിക്കുന്നു: നാളെ?

exit-poll-bjp-congress-history
SHARE

രാജ്യം ആരു ഭരിക്കും? ആരാണ് വാഴാൻ പോകുന്നത്? ആരൊക്കെയാണ് വീഴാൻ പോകുന്നത്? ചോദ്യങ്ങളേറെയാണ്. മൂന്നു ദിവസങ്ങൾക്കപ്പുറം വ്യക്തമായ ഉത്തരം കാത്തിരിപ്പുണ്ട്. എന്നാൽ ഉത്തരസൂചിക പോലെ ഒന്ന് നാളെ വൈകിട്ട് ആറരയോടെ ലഭിക്കും. എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങും. കിറുകൃത്യം എന്ന് പറയാൻ പറ്റില്ലെങ്കിലും പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ വിധിയെഴുത്തിന്റെ സൂചനകൾ നൽകാറുണ്ട്. മൽസരംഗത്തുള്ള മുന്നണികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എക്സിറ്റ്്പോൾ ഫലങ്ങൾ. 

രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ വലിയ പ്രതിപക്ഷ ഐക്യം വ്യക്തമാക്കിയ ഇൗ തിരഞ്ഞെടുപ്പിന്റെ ഫലം ഏറെ നിർ‌ണായകമാണ്. മോദിയെ താഴെയിറക്കാൻ കോൺഗ്രസ് വിശാലസഖ്യത്തിലേക്ക് വരെ കടന്ന കാഴ്ച. എന്നാൽ ഇതൊന്നും ഫലം കാണില്ലെന്നും മോദി തന്നെ പ്രധാനമന്ത്രിയായി എത്തുമെന്നും പ്രഖ്യാപിച്ച് ആത്മവിശ്വാസം ഉറപ്പിക്കുകയാണ് ബിജെപി. കൂട്ടിയും കിഴിച്ചും കണക്കുകൂട്ടി ബിജെപി മുന്നേറുമ്പോൾ പ്രതീക്ഷയുടെ എക്സിറ്റ്പോൾ ഫലങ്ങളും തെറ്റായ ചരിത്രം ബിജെപിക്ക് മുന്നിലുണ്ട്. 

തുടർഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി മുൻപും നേരിട്ടുണ്ട്. അന്ന് പക്ഷേ അവസാന ഫലം മാറി മറിഞ്ഞു. 2004ലായിരുന്നു അത്തരത്തിൽ എക്സിറ്റ്പോൾ ഫലങ്ങൾ പോലും കടപുഴകിയ വിധിയെഴുത്ത് നടന്നത്. വാജ്പേയി സർക്കാരിന്റെ ഭരണകാലത്തായിരുന്നു ഇൗ വിധിയെഴുത്ത്. അന്ന് കാലാവധി പൂർത്തിയാക്കാൻ 9 മാസം മുൻപ് വാജ്പേയി സർക്കാർ പിരിച്ചുവിട്ട് ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കി. അന്ന് എൽ.കെ അദ്വാനിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരണയായത്.  തികഞ്ഞെ ആത്മവിശ്വാസമായിരുന്നു ബിജെപിയുടെ കൈമുതൽ. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാൽ തല മൊട്ടയടിച്ച് വെള്ള വസ്ത്രം ധരിക്കുമെന്ന് സുഷമ സ്വരാജ് പന്തയം വയ്ക്കുകയും ചെയ്തു. 

അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ച് ഇന്ത്യാ ഷൈനിങ്ങ് എന്ന പരസ്യവാചകത്തിൽ രാജ്യം ഇളക്കി മറിച്ച് പ്രചാരണം. എല്ലാ സർവെകളും ബിജെപിക്ക് അനുകൂലം. വിധിയെഴുത്തിന് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ കണ്ട് കോൺഗ്രസ് സഖ്യം കണ്ണുതള്ളി. ഇന്ത്യ തിളങ്ങുന്നു എന്ന വാചകം വാജ്പേയിയും ബിജെപിയും തിളങ്ങുന്നു എന്ന് ബിജെപി പ്രവർത്തകർ വോട്ടെണ്ണുന്നതിന്റെ അവസാനനിമിഷം വരെ പാടി നടന്നു. 2004 മെയ് 13 ന് ഫലം വന്നു. 138 സീറ്റിൽ തീർന്നു ബിജെപിയുടെ തിളക്കം. 145 സീറ്റ് നേടി കോൺഗ്രസ് ഒന്നാമത്. സഖ്യകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാരുണ്ടാക്കി. സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് ലോകം വിചാരിച്ച നിമിഷത്തിന് അന്ത്യം കുറിച്ച് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. 

ഈ തിരഞ്ഞെടുപ്പിലാകട്ടെ സോണിയ അടക്കമുള്ള നേതാക്കൾ പറയുന്നത് 2004 ആവർത്തിക്കുമെന്നാണ്. അതുകൊണ്ട് തന്നെ പ്രചാരണത്തിലും 2004 ഒരു സാന്നിധ്യമായി. 

ഏഴുഘട്ടങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിന് നാളെ തിരശീല വീഴുമ്പോള്‍ എക്സിറ്റ് പോളുകളിലേക്ക് കണ്ണ് നട്ട് രാജ്യം കാത്തിരിക്കുകയാണ്. മനോരമന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്സ് കേരളത്തില്‍ നടത്തിയ എക്സിറ്റ് പോളും നാളെ പുറത്ത് വരും. 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിപുലമായ സാംപിള്‍ ശേഖരിച്ചാണ് മനോരമന്യൂസിന്‍റെ എക്സിറ്റ് പോള്‍. നാളെ വൈകിട്ട് 6.30ന് എക്സിറ്റ് പോള്‍ സംപ്രേഷണം ആരംഭിക്കും.

ഇനി ഈ വർഷത്തെ കാര്യം

രാജ്യം ആരുഭരിക്കും ? കേരളത്തില്‍ ആര് നേട്ടമുണ്ടാക്കും? നാളെ പോളിങ് ബൂത്തിലെ ക്യൂ  അവസാനിക്കുമ്പോള്‍ മുതല്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എക്സിറ്റ് പോളുകളെത്തും. രാഷ്ട്രീയ സാഹചര്യം, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണവിഷയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സാംപിളുകള്‍ ശേഖരിച്ച് പ്രവചിക്കുന്ന പ്രീ പോള്‍ സര്‍വേകളേക്കാള്‍ വോട്ട് ചെയ്തശേഷം വോട്ടറുടെ മനസറിഞ്ഞ് തയാറാക്കുന്ന എക്സിറ്റ് പോളുകള്‍ക്ക് കൃത്യതയുണ്ടെന്നതാണ് ചരിത്രം. 

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ട് ചെയ്തവരുടെ മനസറിയാന്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും കാര്‍വി ഇന്‍സൈറ്റ്സ് ശേഖരിച്ച  സാംപിളുകളെയാണ് മനോരമ ന്യൂസ് ആശ്രയിക്കുന്നത്. മനോരമന്യൂസ് –കാര്‍വി ഇന്‍സൈറ്റ്സ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പ് കേരളത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ചിരുന്നു.

13 സീറ്റ് യുഡിഎഫിനും 3 എല്‍ഡിഎഫിനും 4 സീറ്റില്‍ ഫോട്ടോ ഫിനിഷുമാണ് അന്ന് പ്രവചിച്ചിരുന്നത്. വിവാദങ്ങളും അതിശക്തമായ പ്രചാരണവും കണ്ട കേരളത്തില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുമ്പോള്‍ ഈ പ്രവചനത്തില്‍ മാറ്റമുണ്ടാകുമോ?. ദേശീയതലത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ്  പോളുകളുടെ  സമഗ്രചിത്രവും മനോരമ ന്യൂസില്‍ കാണാം.

MORE IN INDIA
SHOW MORE