റഡാര്‍, ഇമെയിൽ, ക്യാമറ, കവിത; 'അബദ്ധ'മഴ; ട്രോളുകളുടെ ‘മേഘ’വിസ്ഫോടനം

modi-interview-troll-14
SHARE

ന്യൂസ് നാഷന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖത്തിൽ സംഭവിച്ച അബദ്ധങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്. മഴമേഘങ്ങൾ ഉപയോഗിച്ച് പാക് റഡാറുകളിൽ നിന്ന് പോർവിമാനങ്ങൾക്ക് രക്ഷപെടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന പരാമർശമാണ് ആദ്യം വിവാദമായത്. ഇതിന് പിന്നാലെ അബദ്ധങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ബിജെപിയുടെ എതിരാളികള്‍ ട്രോളുകളുടെ പൂമഴ തീര്‍ക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധവുമായി രംഗത്തുണ്ട്. 

ഡിജിറ്റൽ കാമറ, ഇമെയിൽ

ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറകള്‍ മാര്‍ക്കറ്റിലെത്തിയതിന് മുന്‍പേ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെന്നും പകർത്തിയ ചിത്രങ്ങൾ ഈ മെയില്‍ വഴി അയച്ചെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

ന്നാല്‍ മോദിയുടെ അവകാശവാദം വെറുംപൊള്ളയെന്ന് ചരിത്രം നിരത്തി സോഷ്യല്‍ ലോകം ചോദ്യം ചെയ്യുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുന്‍പേ തനിക്ക് സാങ്കേതിക വിദ്യകളോട് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട മോദി, അതു സ്ഥാപിക്കുന്നതിനായി 1980കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്ന് പറയുകയായിരുന്നു. ഒരുപക്ഷേ, ഇതൊക്കെ ആ സമയത്ത് വേറെ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല. 1987- 88 കാലത്താണ് താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറയുന്നു. 1990ലാണ് ഇന്ത്യന്‍ വിപണിയില്‍ ഡിജിറ്റല്‍ ക്യാമറ എത്തിയത്. അതിനു മുന്‍പേ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദം പരിഹാസം അര്‍ഹിക്കുന്നതാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. 

മോദി പറയുന്നത് അനുസരിച്ച് 40 വയസ്സിനു മുന്‍പായിരിക്കണം അദ്ദേഹം ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത്. എന്നാല്‍, തന്റെ യൗവനകാലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കഴിഞ്ഞുപോയതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും മോദി എടുത്തുപറഞ്ഞിട്ടുണ്ട് എന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ എത്തും മുന്‍പേ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കണമെങ്കില്‍ വലിയ പണം ആവശ്യമാണ്. അക്കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ ആരുമല്ലാതിരുന്ന, ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍ മാത്രമായിരിക്കെ ഡിജിറ്റല്‍ ക്യാമറ എങ്ങിനെ സംഘടിപ്പിച്ചുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.

അന്ന് 1987- 88 കാലത്ത് അഹമ്മദാബാദില്‍ വച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റല്‍ ക്യാമറയിലാക്കി ഡല്‍ഹിയിലേക്ക് ഈമെയില്‍ അയച്ചുവെന്നും അഭിമുഖത്തില്‍ മോദി പറയുന്നു. തന്റെ വര്‍ണ നിറത്തിലുള്ള ഫോട്ടോ കണ്ട് അദ്വാനി ജി അതിശയപ്പെട്ടു. അന്ന് വളരെ കുറച്ചു പേര്‍ക്കേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ– മോദി തുടര്‍ന്ന് പറഞ്ഞു.

ടച്ച് സ്ക്രീൻ വാദം

''1990 കളിൽ എന്റെ കയ്യിൽ ടച്ച് സ്ക്രീൻ പാഡ് ഉണ്ടായിരുന്നു. ഇപ്പോഴീ ആളുകൾ പേന കൊണ്ട് എഴുതുന്ന ഒരുപതരം പാഡ‍്''- മോദിയുടെ വാക്കുകൾ. അക്കാലത്ത് ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ വ്യാപകമായിട്ടില്ല. 

ചോദ്യങ്ങള്‍ നേരത്തെ നൽകി; അഭിമുഖം നാടകം

അഭിമുഖത്തിന് മുന്‍പ് തയ്യാറാക്കിയ എല്ലാ ചോദ്യങ്ങളും മോദിക്ക് കൈമാറിയിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഭിമുഖത്തിനിടെ കവിതയെക്കുറിച്ച് സംസാരിക്കുന്ന ഭാഗത്ത്, കവിതയൊന്ന് കാണിക്കുമോ എന്ന് ചോദിച്ച് അവതാരകന്‍, പേപ്പറിനായി കൈനീട്ടുന്നു. എന്നാല്‍ കയ്യക്ഷരം മോശമാണെന്ന് പറഞ്ഞൊഴിയുന്ന മോദിയുടെ കൈവശമുള്ള പേപ്പര്‍ ചാനല്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കവിതയുടെ മുകളില്‍ മോദിയോട് ചോദിക്കേണ്ട ചോദ്യം കൃത്യമായി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം. അഭിമുഖം നടത്തുന്നവരുടെ കയ്യിലിരിക്കുന്ന പേപ്പര്‍ തന്നെയാണ് മോദിയുടെ കയ്യിലുമുള്ളത്. ഈ ദൃശ്യങ്ങള്‍ അഭിമുഖത്തില്‍ എഡിറ്റ് ചെയ്യപ്പെടാതെ കടന്നുകൂടുകയും ചെയ്തുവെന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ഇതിന്റെ വിഡിയോ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE