‘യെഡിയൂരപ്പ മുഖ്യമന്ത്രി; സുമലത മോദിയുടെ മന്ത്രി’; പ്രവചനങ്ങളില്‍ ഉറക്കംപോയി കുമാരസ്വാമി

kumaraswami-sumalatha-karnataka
SHARE

ബിജെപിക്കെതിരെ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കമായിരുന്നു കർണാടക നിയമസഭാ തിരഞ്ഞെടപ്പിൽ രാജ്യം കണ്ടത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്തുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് കോൺഗ്രസ് ലക്ഷ്യമെന്ന് കർണാട വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി കുമാരസ്വാമിയുട ഉറക്കം പോയിരിക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം 23നു വരാനിരിക്കെ, കർണാടകയിലെ രാഷ്ട്രീയ പ്രമുഖർ ക്ഷേത്ര, മഠ സന്ദർശനങ്ങളുടെയും ജ്യോതിഷിമാരെ കണ്ടു ദോഷപരിഹാര ഉപദേശം തേടുന്നതിന്റെയും തിരക്കിലാണ്. 

ഇക്കൂട്ടത്തിൽ വിശ്വാസങ്ങളിൽ ഏറെ മുന്നിലുള്ള എച്ച്.ഡി കുമാരസ്വാമിയ്ക്ക് ലഭിച്ച പ്രവചനങ്ങളാണ് അദ്ദേഹത്തെ അസ്വസ്തനാക്കുന്നത്. കർണാടകയിലെ കോൺഗ്രസ്- ദൾ സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി നടത്തുന്ന രഹസ്യനീക്കങ്ങളിൽ ഏറെ ആശങ്കാകുലനായ അദ്ദേഹം രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ ജ്യോതിഷി ദ്വാരകാനാഥുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി പദത്തിൽ കാലാവധി തികയ്ക്കുമോ, ലോക്സഭാ തിരഞ്ഞെടുപ്പു ഫലം ദൾ പ്രതീക്ഷകൾക്ക് അനുകൂലമാകുമോ, മണ്ഡ്യയിൽ നടി സുമലതയ്ക്കെതിരെ ദളിനായി മൽസരിച്ച മകൻ നിഖിൽഗൗഡ വിജയിക്കുമോ തുടങ്ങിയവയാണ് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നത്.  ഇതേ തുടർന്നാണ് മന്ത്രി ഡി.കെ. ശിവകുമാറിന്റെ ജ്യോതിഷ കാര്യങ്ങളിലെ ഉപദേഷ്ടാവു കൂടിയായ ദ്വാരകാനാഥിനോട് കുമാരസ്വാമി തുടർച്ചയായി ഉപദേശം തേടുന്നത്. ദ്വാരകാനാഥിന്റെ ഉപദേശ പ്രകാരം കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രഥത്തിൽ സ്വർണം പൂശാനായി 80 കോടി രൂപയാണ് വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗം അനുവദിച്ചത്. ഈ പദ്ധതി പൂർത്തിയായാൽ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞുപോകുമെന്നു ദ്വാരകാനാഥ് കുമാരസ്വാമിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

മണ്ഡ്യയിൽനിന്നു ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മൽസരിച്ച നടി സുമലത വിജയിക്കുമെന്നും നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്രമന്ത്രിയാകുമെന്നും ലിംഗായത്ത് സന്യാസി ബസവാനന്ദ സ്വാമി വിഭൂതിമട്ട് കഴിഞ്ഞ ആറിനു പ്രവചിച്ചിരുന്നു. ഏപ്രിൽ 18 നു നടന്ന വോട്ടെടുപ്പിൽ മണ്ഡ്യയിൽ 80.23 ശതമാനമായിരുന്നു പോളിങ്. ഇത്രയും ഉയർന്ന പോളിങ് ശുഭസൂചനയാണെന്നാണ് സ്വാമിയുടെ നിരീക്ഷണം. ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്നും ബസവാനന്ദ സ്വാമി പ്രവചിച്ചിരുന്നു.

ഇതാണ് കുമാരസ്വാമിയെ നെട്ടോട്ടമോടിക്കുന്നത്. ഏതായാലും മെയ് 23 കര്‍ണാടക രാഷ്ട്രീയത്തെ ഇളക്കി പ്രതിഷ്ഠിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

MORE IN INDIA
SHOW MORE