പ്രിയങ്ക വാരണാസിയിലേക്കോ? സാധ്യത 50 ശതമാനമെന്ന് പാര്‍ട്ടി വൃത്തം; ബ്ലോക്ക്ബസ്റ്റർ പോര്?

modi-priyanka-varanasi-n
SHARE

ഞാൻ വാരണാസിൽ മത്സരിക്കാൻ തയ്യാറാണ് എന്നു പ്രിയങ്ക പ്രഖ്യാപിച്ചതു മുതൽ കോണ്‍ഗ്രസ് നേതൃത്വത്തിൻറെ തീരുമാനമറിയാൻ കാത്തിരിക്കുകയാണ് അണികൾ. വാരണാസി അങ്കത്തിന് പ്രിയങ്കയെത്താൻ 50 ശതമാനം സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പാർ‍ട്ടിയിലെ ഉന്നത നേതൃത്വം ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും ഇവർ അറിയിച്ചു. 

പ്രിയങ്കയെ വാരണാസിയില്‍ അയക്കുന്നതു സംബന്ധിച്ച് ഏറ്റവുമധികം ആശങ്ക സോണിയ ഗാന്ധിക്കാണെന്നും എന്നാൽ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങാൻ പ്രിയങ്ക ഗാന്ധിക്ക് പൂർണ ധൈര്യമുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക രണ്ട് തവണ പറയുകയും ചെയ്തു. പ്രിയങ്കയ്ക്കുവേണ്ടി യുപി കോണ്‍ഗ്രസ് നേതൃത്വം കണക്കുകള്‍ നിരത്തി രംഗത്തിറങ്ങിക്കഴിഞ്ഞു.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ മത്സരിച്ചുകൂടേ എന്ന് പ്രവർത്തകർ ചോദിച്ചപ്പോൾ പോലും എന്തുകൊണ്ട് വാരണാസി ആയിക്കൂടാ എന്നാണ് പ്രിയങ്ക ചോദിച്ചത്. സഹോദരി മോദിക്കെതിര മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് സസ്പെൻസ് ആണെന്നാണ് രാഹുൽ ഗാന്ധി ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചത്. 

വാരണാസിയിൽ കഴിഞ്ഞ മാസം പ്രചാരണത്തിനെത്തിയപ്പോൾ മുതൽ രാഹുലിനും പ്രിയങ്കക്കും മണ്ഡലത്തിൽ 'ബിഗ് പ്ലാൻ' ഉണ്ടെന്നതിൻറെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വാരണാസിയിലെത്തിയ പ്രിയങ്ക മോദിയെ ശക്തമായ ഭാഷയിൽ‌ വിമർശിക്കുകയും ചെയ്തിരുന്നു. 

വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിയൊന്‍പതാണ്. നരേന്ദ്ര മോദി 26 ന് പത്രിക നൽകും. മോദിക്കെതിരെ പ്രിയങ്കയെ മല്‍സരിപ്പിക്കുന്നതിലെ നേട്ടങ്ങള്‍ യുപി ഘടകം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പൊതുസ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രിയങ്ക മല്‍സരിച്ചാല്‍ സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്നാണ് പാർട്ടി കണക്കു കൂട്ടുന്നത്. കന്നി വോട്ടര്‍മാരുടെയും സ്ത്രീ വോട്ടര്‍മാരുടെയും പ്രാധാന്യം പ്രിയങ്കയ്ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

MORE IN INDIA
SHOW MORE