കഷ്ടപ്പെട്ട് പഠിച്ചെടുത്ത ഹിന്ദിയുമായി ബിഹാറില്‍ ഒരു മലയാളി ‘താര’പ്രചാരകന്‍; അക്കഥ

saleem-madavoor-main
SHARE

എല്ലാ പാർട്ടികളുടെയും ദേശീയ നേതാക്കൾ പ്രചരണത്തിനായി കേരളത്തിലേക്ക് എത്തുമ്പോൾ കേരളത്തിൽ നിന്നൊരു നേതാവ് പ്രചരണത്തിനായി വടക്കേ ഇന്ത്യയിലേക്ക് 

ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ ആണ് പ്രചരണ പ്രവർത്തനവുമായി ബിഹാറിലൂടെ സഞ്ചരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിയോജകമണ്ഡലങ്ങളിൽ ഒന്നായ മധേപുരയിലാണ് സലീം മടവൂർ പ്രവർത്തനം കേന്ദ്രീകരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ലോക്താന്ത്രിക് ജനതാദളിന്റെ എല്ലാമെല്ലാമായ ശരത് യാദവ് അവിടെയാണ് മത്സരിക്കുന്നത്. ഗ്രാമങ്ങളിൽ പ്രചാരണം നടത്തിയും ശരത് യാദവിനൊപ്പം വലിയ പൊതുയോഗങ്ങളിൽ പ്രസംഗിച്ചും സലീം കേരളത്തിന്റെ സാന്നിധ്യമറിയിക്കുന്നു. 

മലയാളി രാഷട്രീയക്കാർക്ക് പലപ്പോഴും ബാലികേറാമലയാകുന്ന ഹിന്ദിയിലുള്ള പ്രസംഗം തന്നെയാണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്. ഹിന്ദി വാർത്തകൾ കേട്ടും പത്രങ്ങൾ വായിച്ചും ഏറെ ബുദ്ധിമുട്ടിയാണ് ഈവിധം പ്രസംഗിക്കാന്‍ ഹിന്ദി പഠിച്ചെടുത്തതെന്ന് സലീം പറയുന്നു. മലയാളി ഹിന്ദിയിൽ പ്രസംഗിക്കുമ്പോൾ കേൾക്കുന്നവർക്കും കൗതുകം. ഗ്രാമങ്ങളിലൊക്കെ പ്രസംഗത്തിന് നല്ല കയ്യടിയും. മിക്ക യോഗങ്ങളിലും ശരദ് യാദവ് തന്നെയാണ് സലീം മടവൂരിനെ പരിചയപ്പെടുത്തുന്നത്. കേരളത്തിൽ നിന്നാണെന്ന് അറിയുമ്പോൾ ജനങ്ങൾ വലിയ ആദരവ് പ്രകടിപ്പിക്കുന്നതായി സലീം പറയുന്നു. ന്യൂനപക്ഷ മേഖലകളിൽ ആൾക്കൂട്ട കൊലപാതകങ്ങളും, കാർഷിക മേഖലകളിൽ കർഷക പ്രശ്നങ്ങളുമായി സലീം ഹിന്ദിയിൽ കത്തിക്കയറുകയാണ്. ശരദ് യാദവിനും പ്രസംഗത്തോട് വലിയ താൽപര്യമാണ്. 

saleem-madavoor-grp

ശരദ് യാദവിന്റെ പ്രചരണം തുടങ്ങുന്നത് തന്നെ ഉച്ചക്ക് ഒരു മണിക്കാണ്. അദ്ദേഹം ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നത് കാരണം ഒന്നോ രണ്ടോ പൊതുസമ്മേളനങ്ങളിലേ എത്തിപ്പെടാനാകുന്നുള്ളുവെന്ന് സലീം മടവൂർ പരിഭവപ്പെടുന്നു. ബീഹാരികൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുവേ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തനിക്ക് പാരയാകാറുണ്ട്. കേരളത്തിലെ പ്രവർത്തനങ്ങളിൽ മുഴുകേണ്ടതിനാൽ മനസില്ലാ മനസ്സോടെയാണ് സലീം ബീഹാർ വിട്ട് തിരിച്ചുവരുന്നത്.... ഇതിനിടയിൽ ഫോൺ കോൾ. അങ്ങേത്തലക്കൽ സഹർസയിലെ എം.എൽ.എയായ ആർ.ജെ.ഡി നേതാവ് അബുൽ ഗഫൂർ ആണ്. പൊതു സമ്മേളനത്തിനുള്ള ക്ഷണമാണ്. ഇന്ന് കേരളത്തിലേക്ക് തിരിച്ചു പോകുന്നത് കൊണ്ട് പറ്റില്ലെന്നും പിന്നീടൊരിക്കല്‍ ആകാമെന്നും വിനയത്തോടെയുള്ള മറുപടി. 

saleem-madavoor-new

നാട്ടിലെ മുണ്ടും ഷർട്ടും മാറ്റി, മിനി കുർത്തയും പാൻറും ധരിച്ച് വേഷത്തിലും ഹിന്ദിക്കാരനായാണ് ബീഹാർ പൊതുയോഗങ്ങളിൽ സലീം മടവൂരിന്റെ പ്രചരണം. 

MORE IN INDIA
SHOW MORE