പ്രിയങ്കയുടെ ഹെലികോപ്റ്റര്‍ പറത്തി വനിത; ഇത് അഭിമാനനിമിഷമെന്ന് ട്വീറ്റ്‍: സെൽഫിയും

സ്ത്രീശാക്തീകരണമാണ് കോൺഗ്രസിന്റെ മുഖ്യപ്രചാരക പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണ വിഷയങ്ങളിലൊന്ന്. പാർട്ടിയുടെ പ്രകടനപത്രിക സ്ത്രീകൾക്ക് 33 ശതമാനം സംവരണം പാർലമെന്ററി സ്ഥാനങ്ങളിൽ ഉറപ്പു നൽകുന്നുമുണ്ട്. പ്രസംഗങ്ങൾ തുടങ്ങുന്നത് സഹോദരൻമാരേ എന്നല്ല, സഹോദരിമാരേ എന്ന് അഭിസംബോധന ചെയ്താണ്. 

ഇന്നലെ  ഉത്തർപ്രദേശിലെ ഫത്തേപൂർ സിക്രിയിൽ പ്രചാരണത്തിന് വന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് പാർട്ടിയിൽ നിന്നല്ലാത്ത ഒരു പെൺകൂട്ടുണ്ടായിരുന്നു. പ്രിയങ്കയുടെ ഹെലികോപ്റ്റർ പറത്തിയത് ഒരു വനിതയാണ്. അത് അഭിമാന നിമിഷമായിരുന്നുവെന്ന് യാത്രക്കു ശേഷം പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. "എനിക്ക് ഈ ദിവസം വളരെയേറെ അഭിമാനം തോന്നുന്നു. ഒരു വനിതാ പൈലറ്റാണ് എന്റെയൊപ്പം. അതും ചോപ്പറിൽ," പ്രിയങ്ക ട്വീറ്റ് ചെയ്തു. വനിതാപൈലറ്റിനൊപ്പമുള്ള ചിത്രവും പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചു. 

സ്ത്രീകളെയും യുവജനങ്ങളെയും ബിജെപി തിരഞ്ഞെടുപ്പു റാലിയില്‍ അവഗണിക്കുകയാണെന്ന് പ്രിയങ്ക വിമര്‍ശിച്ചു.