മിനിമം വേതനം; രാജ്യത്തെ ഞെട്ടിച്ച രാഹുലിന്റെ പ്രഖ്യാപനത്തിന് പിന്നിലാര്?

rahul-gandhi-minimum-wage-25-03
SHARE

രാജ്യത്തെ ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപയുടെ മിനിമം വേതന പദ്ധതിയെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചർച്ചകളിൽ വൻ അലയൊലി സൃഷ്ടിച്ചുകഴിഞ്ഞു. രാജ്യത്തെ ഞെട്ടിച്ച ആ പ്രഖ്യാപനത്തിന് പിന്നിൽ ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരായ രണ്ട് പേരാണ്. 2015 ലെ നൊബേല്‍ സമ്മാന ജോതാവ് ബ്രിട്ടീഷുകാരനായ ആംഗസ് ഡെറ്റണും ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കെറ്റിയുമാണ് രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍.

അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന്  വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്ന പദ്ധതി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ന്യായ് അഥവാ ന്യൂനതം ആയ് യോജന എന്ന പദ്ധതിയിലൂന്നിയാണ് കോൺഗ്രസ് ഇത്തവണ വോട്ട് അഭ്യർത്ഥിക്കുക. അടിസ്ഥാന വരുമാനമായ 12,000 രൂപ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കും. കുടുംബത്തിന്റെ വരുമാനം കഴിച്ച്  അടിസ്ഥാന വരുമാനം തികയ്ക്കാനുള്ള  തുകയാണ് പദ്ധതിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ടിൽ ഇടുക.  ധനികരുടെ ഇന്ത്യ സൃഷ്ടിക്കാൻ മോദി ശ്രമിക്കുമ്പോഴാണ് ദാരിദ്ര്യത്തിന് എതിരായ കോണ്ഗ്രസിന്റെ യുദ്ധമെന്നും രാഹുൽ പറഞ്ഞു. 

ഡെറ്റണിന്‍റെയും പിക്കെറ്റിയുടെയും പുസ്തകങ്ങള്‍ പഠിച്ച രാഹുല്‍ ഗാന്ധി നിര്‍ണായകമായ പ്രഖ്യാപനത്തിന് ഇവരുടെ സഹായം തേടുകയായിരുന്നെന്നാണ് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പിക്കെറ്റിയുടെ ലോകപ്രശസ്തമായ പുസ്തകമാണ് 'ക്യാപിറ്റല്‍ ഇന്‍ ദ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി'. വ്യാവസായിക വിപ്ലവത്തിന്‍റെ വരവോടെ സമ്പത്ത് ഒരു വിഭാഗം സമ്പന്നരിലേക്ക് മാത്രം കേന്ദ്രീകരിച്ചെന്നും ഇത് അസമത്വത്തിലേക്ക് വഴിതെളിച്ചെന്നും പിക്കെറ്റി പറയുന്നു. സമ്പന്നരെ വീണ്ടും സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുകയാണ് നരേന്ദ്രമോദി എന്നാരോപിക്കുന്ന രാഹുലിന്‍റെ ഇഷ്ടപുസ്തകങ്ങളിലൊന്നാണ് പിക്കെറ്റിയുടേത്. മോഡേണ്‍ മാര്‍ക്സ് എന്നാണ് പിക്കെറ്റി അറിയപ്പെടുന്നത്. 

സാമ്പത്തിക അസമത്വം, ദാരിദ്ര്യം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഇന്ത്യയുടെ പരിതസ്ഥിതിയുമായി കോര്‍ത്തിണക്കി ഡെറ്റണ്‍ രചിച്ച പുസ്തകവും ഏറെ പ്രശസ്തതമാണ്.  നൊബേല്‍ സമ്മാന ജേതാവ്  അമര്‍ത്യസെന്‍, ജീന്‍ ഡ്രെസ് എന്നിവരുടെ ഒപ്പവും ഡെറ്റണ്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള ദേശീയ ഉപദേശക സമിതിയിലും ജീന്‍ ഡ്രെസ് അംഗമായിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇത്തരമൊരു ആശയത്തിലേക്കെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. വരുമാനം വര്‍ധിപ്പിച്ചും ചെലവ് ചുരുക്കിയും പദ്ധതിക്കാവശ്യമായ പണം കണ്ടെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

നിലവിലെ സബ്സിഡിയും ക്ഷേമ പദ്ധതികളും ഒഴിവാക്കിയാല്‍ മിനിമം വേതനമെന്ന ആശയം പ്രാവര്‍ത്തികമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ ഡേറ്റ അനലിറ്റിക്സ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയത്.  ദില്ലി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി പ്രകടന പത്രികയിലെ ഈ പ്രധാന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

MORE IN INDIA
SHOW MORE