ഗാന്ധികുടുംബത്തിലെ നാലുപേരെ തുണച്ച അമേഠിയുടെ തിരഞ്ഞെടുപ്പ് ചരിത്രം

rajeev
SHARE

രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മല്‍സരിക്കാനൊരുങ്ങുമ്പോള്‍ അമേഠിയുടെ തിരഞ്ഞെടുപ്പ് ചരിത്രം കൂടി പരിശോധിക്കുന്നത് കൗതുകകരമാണ്. ഗാന്ധികുടുംബത്തിലെ നാലുപേരെ വിജയിപ്പിച്ച മണ്ഡലത്തില്‍ രണ്ടുതവണ ബി.ജെ.പിയും ഒരു തവണ ജനതാ പാര്‍ട്ടിയും ജയിച്ചിട്ടുണ്ട്. മൂന്നുതവണ അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍.

ഗാന്ധി കുടുംബത്തിന്റെ എല്ലാക്കാലത്തെയും സുരക്ഷിതമണ്ഡലമെന്ന് കരുതുന്ന ഉത്തര്‍ പ്രദേശിലെ അമേത്തി ലോക്സഭാ മണ്ഡലം രൂപീകൃതമായത് 1967 ലാണ്. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്പായ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധിയാണ്. സഞ്ജയ് ഗാന്ധി ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ്ങിനോട് തോറ്റു. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന്‍ രാജീവ് ഗാന്ധി 1984 ല്‍ തോല്‍പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെയാണ്. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്‍പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി ജെ പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ രാഹുല്‍ ഗാന്ധിയായിരുന്നു സ്ഥാനാര്‍ഥി. 

രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ ബി ജെ പി സ്മൃതി ഇറാനിയെ മല്‍സരിപ്പിച്ച് കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു ലക്ഷത്തില്‍പരമായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വീണ്ടുമൊരു പോരാട്ടത്തിന് നിലമൊരുക്കുകയായിരുന്ന സ്മൃതി ഇറാനിയെത്തന്നെ അമേത്തിയില്‍ രാഹുലിനെതിരെ ഇത്തവണയും സ്ഥാനാര്‍ഥിയായി ബി ജെ പി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമായ വയനാട്ടിലേക്ക് രാഹുലെത്തുമ്പോള്‍ അമേത്തിയിലെ ഈ വോട്ടുകണക്കുകളും ചര്‍ച്ച ചെയ്യപ്പെടും.

MORE IN INDIA
SHOW MORE