ഡയറിയെ ചൊല്ലി വാക് പോര്; രാഹുല്‍ ഗാന്ധിയെ പോലെ ദുർബലമെന്ന് ബിജെപി

caravan-diary-2
കടപ്പാട്: കാരവൻ മാസിക
SHARE

യെഡിയൂരപ്പ ഡയറിയെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി വാക് പോര്. ഡയറിയിലെ വിവരങ്ങള്‍ തെറ്റാണോയെന്നും ആദായനികുതി വകുപ്പ് അന്വേഷണം അട്ടിമറിച്ചത് ആരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്ന് ബിജെപി അവകാശപ്പെട്ടു.  ബിജെപിയിലെ എല്ലാ കാവല്‍ക്കാരും കള്ളന്‍മാരാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പോലെ ദുര്‍ബലമാണ് കോണ്‍ഗ്രസ് പുറത്തുവിടുന്ന രേഖകളുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തിരിച്ചടിച്ചു.  യെഡിയൂരപ്പ ഡയറിയെപ്പറ്റി ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ സുപ്രധാനവിവരം പുറത്തുവിടാന്‍ പോകുന്നു എന്ന് രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് അറിയിപ്പ് വന്നു.  എഐസിസി ഓഫീസില്‍ 10 മണിമുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയില്ല. ഇതിനിടെ ഇംഗ്ലിഷ് മാസിക യഡിുയൂരപ്പ ഡയറിക്കുറിപ്പുകള്‍ പുറത്തുവിട്ടു . ഇതോടെ രാഹുലിന് പകരം എഐസിസി വക്താവ്  രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തിനെത്തി.  യഡിയൂരപ്പ ഡയറിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു. ആദായനികുതി അന്വേഷണം അട്ടിമറിച്ചതാരെന്നതിനും പ്രധാനമന്ത്രി ഉത്തരം പറയണം. പുതുതായി രൂപീകരിച്ച ലോക്പാല്‍ ആദ്യം അന്വേഷിക്കേണ്ടത് ഈ കേസാണ്.

എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറില്‍ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ച ഈ രേഖകള്‍ വ്യാജമാണെന്ന് ബിെജപി ആരോപിച്ചു.  ഇവയുടെ ആധികാരികത ഉറപ്പാക്കാനോ യഥാര്‍ഥരേഖള്‍  ഫൊറന്‍സിക് പരിശോധനകള്‍ക്ക് നല്‍കാനോ ശിവകുമാര്‍ തയാറായില്ലെന്ന് കേന്ദ്രനിയമമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആരോപണം ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

MORE IN INDIA
SHOW MORE