ബാലക്കോട്ട് ആക്രമണം; ആ ഫോൺ വിളി എത്തിയത് പുലർച്ചെ നാലിന്: നിർമല സീതാരാമൻ

nirmala-sitaraman-20-03
SHARE

പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ജയ്ഷെ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വെളുപ്പിന് നാല് മണിക്ക് ആക്രമണം കഴിഞ്ഞ് ഇന്ത്യൻ പൈലറ്റുമാർ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് ഫോൺ സന്ദേശം ലഭിച്ചപ്പോഴാണ് ആശ്വാസമായതെന്ന് നിർമല പറയുന്നു. സോണിയാ സിങ് എഴുതിയ ഡിഫൈനിങ് ഇന്ത്യ ത്രൂ ദെയർ ഐയ്സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. 

''ബാലക്കോട്ട് ദൗത്യത്തിന് ശേഷം പുലർച്ചെ നാലുമണിക്ക് ഒരു ഫോൺകോൾ വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലായിരുന്നു ഞാൻ. ഭീകരവാദത്തിനെതിരെ കയ്യും കെട്ടി നോക്കി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തണമായിരുന്നു. ഫെബ്രുവരി 26ാം തിയതി നമ്മുടെ പോർവിമാനങ്ങൾ കൃത്യതയോടെ ലക്ഷ്യം കൈവരിച്ച് തിരിച്ചെത്തി. പുലർച്ചെ നാല് മണിക്കാണ് ആ ഫോണ്‍ കോള്‍ എന്നെ തേടിയെത്തിയത്''-നിർമല പറഞ്ഞു. 

ആ നിമിഷം അനുഭവിച്ച സന്തോഷത്തെ വർണിക്കാൻ വാക്കുകളില്ലെന്ന് നിർമല പറയുന്നു. പ്രതിരോധമന്ത്രിയറിയാതെയാണ് ബാലകോട്ട് ആക്രമണം ആസൂത്രണം ചെയ്തതെന്ന മാധ്യമവാര്‍ത്ത കളവാണ്. തുടക്കം മുതല്‍ പൂര്‍ണമായും ചിത്രത്തിലുണ്ടായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിവുണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ട എല്ലാവരുമായും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും നിര്‍മല പറഞ്ഞു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായപ്പോഴും വിവരങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറില്‍നിന്ന് കൃതല്‍മായി വിവരങ്ങള്‍ അറിഞ്ഞിരുന്നു. അഭിനന്ദന്‍ തിരിച്ചെത്തുന്ന ദിവസം ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ വാഗാ അതിര്‍ത്തി കടന്ന് അഭിനന്ദന്‍ എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നി. അടുത്ത ദിവസം അദ്ദേഹത്തെ കണ്ടപ്പോഴും ആ ആത്മവിശ്വാസം അടുത്തറിഞ്ഞപ്പോഴും അഭിമാനം തോന്നി- നിര്‍മല വ്യക്തമാക്കുന്നു.

2008 ലെ മുംൈബ ഭീകരാക്രമണത്തിനു ശേഷം യുപിഎ സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ പുല്‍വാമ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ആരോപിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പത്ത് ദിവസം ഇന്ത്യ കാത്തിരുന്നു. പിന്നീടാണ് തിരിച്ചടിക്കു തീരുമാനിച്ചത്. പാക്കിസ്ഥാനില്‍ ആക്രമണം അഴിച്ചു വിടാനോ ഒരു യുദ്ധത്തിനു തയാറെടുക്കാനോ ഇന്ത്യ മുതിര്‍ന്നില്ല- കാത്തിരിക്കാനായിരുന്നു തീരുമാനം. ബാലക്കോട്ടെ തീവ്രവാദ ക്യാംപിനെ കുറിച്ച്  കൃത്യമായ ഇന്റലിജന്‍സ് വിവരം ലഭിച്ചതിനു ശേഷം മാത്രമാണ് ആക്രമണം ആസൂത്രണം ചെയ്തതും.

ജെയ്‌ഷെ മുഹമ്മദ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും തീവ്രവാദത്തിനെതിരെ ചെറുവിരല്‍ പാക്കിസ്ഥാന്‍ അനക്കാതിരുന്നത് ഇന്ത്യയെ ചൊടിപ്പിച്ചു. 40 ധീരജവാന്‍മാരുടെ ജീവനില്ലാത്ത ശരീരം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഏറ്റുവാങ്ങിയത് ഞാനായിരുന്നു. എത്രമാത്രം ദാരുണവും വേദനാജനകവുമായ നിമിഷമായിരുന്നു അതെന്ന് എനിക്ക് പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ല- നിര്‍മല പറയുന്നു.

MORE IN INDIA
SHOW MORE