‘സർജിക്കൽ സ്ട്രൈക്ക്’ പരീക്കർ തൽസമയം കണ്ടിരുന്നു; ഗോവയുടെ പ്രിയനേതാവ്

manohar-parrikar-surgical-strike
SHARE

‘സർജിക്കൽ സ്ട്രൈക്ക്’ പാക്കിസ്ഥാന് ഇന്ത്യ നൽകിയ കനത്ത മറുപടികളുടെ കൂട്ടത്തിൽ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്കാണിത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച് വ്യോമസേനയും തിരിച്ചടി നൽകിയിരുന്നു. ആദ്യ സർജിക്കൽ സ്ട്രൈക്കിന്റെ സമയത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ കരുത്തനായ നേതാവിനെ കൂടിയാണ് ബിജെപിക്ക് നഷ്ടമാകുന്നത്. 

2016 സെപ്റ്റംബർ 28ന് ഇന്ത്യയുടെ കരുത്ത് അതിർത്തിക്ക് അപ്പുറം പാക്കിസ്ഥാൻ തിരിച്ചറിഞ്ഞപ്പോൾ ആ കമാൻഡോ ഓപറേഷൻ തൽസമയം ന്യൂഡൽഹിയിൽ ഇരുന്ന വീക്ഷിക്കുകയായിരുന്നു പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. സൈന്യത്തിന് വേണ്ട പിന്തുണ നൽകാനും അവർക്കൊപ്പം നിൽക്കാനും മനോഹർ പരീക്കർ ശ്രമിച്ചു. രാജ്യത്തിനേറ്റ മുറിവ് ഉണക്കുന്നതിൽ മേൽനോട്ടം വഹിച്ചവരിൽ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു. 1971നു ശേഷം ആദ്യമായിട്ടാണ് നിയന്ത്രണരേഖ കടന്ന് ഇത്തരത്തിലൊരു നീക്കം ഇന്ത്യ നടത്തുന്നതും.

ഗോവയുടെ ഹൃദയം തൊട്ട നേതാവ്

ഗോവയെ ഇത്രമേൽ ആഴത്തിൽ പഠിച്ച മറ്റൊരു നേതാവുണ്ടോയെന്നു സംശയമാണ്. ‘അവസാന ശ്വാസം വരെയും ഗോവയെ സേവിക്കും’ എന്നു പരീക്കർ പറയുമ്പോൾ അതു വീൺവാക്കാവുന്നില്ല, ജീവിതമാകുന്നു. ഗുരുതരമായ രോഗത്തോടു പടവെട്ടി, 63–ാം വയസ്സിൽ പരീക്കർ വിടവാങ്ങുമ്പോൾ ഗോവയ്ക്കു നഷ്ടമാകുന്നതു മുഖ്യമന്ത്രിയെ മാത്രമല്ല, പകരക്കാരനില്ലാത്ത അമരക്കാരനെയാണ്.2014 മുതൽ 2017 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കർ ആകെ നാലു തവണ ഗോവയുടെ ഭരണത്തലവനുമായി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി. 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണു മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെ‌ടുപ്പിനെ തുടർന്നു കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005–ൽ ഭരണം നഷ്ടപ്പെട്ടു.

മോദിയുടെ പ്രിയങ്കരൻ

പരീക്കറുടെ കാർമികത്വത്തിലാണു 2013 ലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് നടന്നത്. ആ യോഗത്തിലാണ് എൽ.കെ.അഡ്വാനിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും എതിർപ്പുകളെ അവഗണിച്ചു പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിയെ തിരഞ്ഞെടുത്തത്. അതിനാൽ പരീക്കറോട് ഒരു വികാരവായ്പ് മോദി ഹൃദയത്തിൽ സൂക്ഷിക്കുന്നു. മോദി അധികാരത്തിലേറി ഏതാനും മാസങ്ങൾക്കകം പരീക്കറെ ഡൽഹിയിലേക്കു കൊണ്ടുപോയി പ്രതിരോധ വകുപ്പ് നൽകി.മുതിർന്ന മന്ത്രിമാരായ രവിശങ്കർ പ്രസാദ്, അനന്ത് കുമാർ എന്നിവരുടെ നെഞ്ചു പൊള്ളിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, ഡൽഹിയിലിരിക്കുമ്പോഴും പരീക്കറുടെ മനസ്സ് ഗോവയിലായിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നപ്പോൾ, അദ്ദേഹം ചെറുപാർട്ടികളെ കൊണ്ടു പറയിപ്പിച്ചു, പരീക്കർ മുഖ്യമന്ത്രിയായി വന്നാൽ മാത്രം ബിജെപിയെ പിന്തുണയ്ക്കാമെന്ന്. ഗോവയിൽ ഘടകകക്ഷികളെ യോജിപ്പിച്ചുനിർത്തുന്നതിൽ അദ്ദേഹം വിജയിച്ചെങ്കിലും രോഗപ്രശ്നങ്ങൾ അലട്ടി.

പാൻക്രിയാറ്റിക് രോഗബാധിതനായ അദ്ദേഹത്തിനു യുഎസ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണു വിദഗ്ധ ചികിൽസ നൽകിയത്. അല്ലാത്ത സമയം വീട്ടിൽ വിശ്രമത്തിലായിരുന്നു.ലളിതജീവിതവും ഉയർന്ന ചിന്തയുംകൊണ്ടു ശ്രദ്ധേയനായ പരീക്കറെയല്ലാതെ മറ്റൊരു ബിജെപി നേതാവിനെയും ചെറുകക്ഷികൾക്കും സ്വതന്ത്രൻമാർക്കും വിശ്വാസമില്ല. അതിനാൽ മറ്റൊരു നേതാവെന്ന ചിന്തയുമായി മുന്നോട്ടു പോകാൻ മോദിയും അമിത് ഷായും ശ്രമിച്ചില്ല. ചികിൽസയുടെ ഭാഗമായി ബാഹ്യബന്ധമില്ലാതെ ആശുപത്രിയിൽ കഴിയുകയാണെങ്കിലും പരീക്കർക്കു ബോധമുണ്ടെന്നും അദ്ദേഹം സജീവമാണെന്നും ബിജെപി ആവർത്തിച്ചു. ഇതിനിടെ, മാസങ്ങൾക്കു മുമ്പ് മൂക്കിൽ ട്യൂബിട്ട നിലയിൽ, ക്ഷീണിതനായി പരീക്കർ പൊതുവേദിയിലും സഭയിലും എത്തുകയും ചെയ്തി‌രുന്നു. 

MORE IN INDIA
SHOW MORE