ചൗക്കിദാര്‍ ചോര്‍ ഹെയ്ക്ക് മറുപടിയുമായി മോദി; മേ ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍)

rahul-modi-viral-rply
SHARE

തിരഞ്ഞെടുപ്പിന് പുതിയ മുദ്രാവാക്യവുമായി ബിജെപി. ചൗക്കിദാര്‍ ചോര്‍ ഹേ ( കാവല്‍ക്കാരന്‍ കള്ളന്‍) എന്ന കോണ്‍ഗ്രസിന്റെ ആക്ഷേപത്തിന് മറുപടിയെന്നവണ്ണമാണ് പുതിയ മുദ്രാവാക്യവുമായി ബിജെപി എത്തിയത്. മേ ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്നതാണ് പുതിയ മുദ്രാവാക്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് മേ ഭീ ചൗക്കിദാര്‍ എന്ന പ്രചാരണ മുദ്രാവാക്യത്തിന്റെ വീഡിയോ പങ്കുവച്ചത്. മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷനുമെത്തി. ഇരു ട്വീറ്റുകളും ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

പ്രധാനമന്ത്രി പറയുന്നു:

‘ മേ ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍). നിങ്ങളുടെ കാവല്‍ക്കാരന്‍ നട്ടെല്ലുനിവര്‍ത്തി നില്‍ക്കുന്നു, രാജ്യത്തിനായി സേവനം ചെയ്യുന്നു. പക്ഷെ ഞാന്‍ ഒറ്റയ്ക്കല്ല.അഴിമതിക്കെതിരെ സാമൂഹ്യതിന്മകള്‍ക്കെതിരെ പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്’ എന്നാണ് പുതിയ പ്രചാരണമുദ്രാവാക്യത്തിന്റെ വീഡിയോ ഗാനം പോസ്റ്റ് ചെയ്ത് നരേന്ദ്ര മോദി കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവരും കാവല്‍ക്കാരനാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഈ മുദ്രാവാക്യത്തിന്റെ പ്രചാരണാര്‍ഥം ഈ മാസം 31ന് പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കും. സ്വച്ഛ് ഭാരതിന്റെയും വികസനങ്ങളുടെയും കള്ളപ്പണം പിടിക്കുന്നതിന്റെയും ഡിജിറ്റല്‍ മണിയുടെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും സൈന്യത്തിന്റെ പോരാട്ടത്തിന്റെയും എല്ലാം ദൃശ്യങ്ങള്‍ കാണിച്ചാണ് മേ ഭീ ചൗക്കിദാര്‍ വീഡിയോഗാനം ചിത്രീകരിച്ചിരിക്കുന്നത്. 

രാഹുലിന്റെ മറുപടി:

പ്രതിരോധത്തായ  ട്വീറ്റ് എന്നാണ് രാഹുല്‍ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. ‘നിങ്ങള്‍ക്ക് കുറച്ചെങ്കിലും കുറ്റബോധം തോന്നുന്നില്ലെ’ എന്ന ചോദ്യത്തിനൊപ്പം അനില്‍ അംബാനി, നീരവ് മോദി, തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്ക് ഒപ്പം മോദിയുടെ ചിത്രവും ചേര്‍ത്താണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. 

ചൗക്കിദാര്‍ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്)

റഫാല്‍ ഇടപാടും നോട്ട് നിരോധനവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇറക്കിയ മുദ്രാവാക്യമാണ് ചൗക്കിദാര്‍ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്)എന്നത്. തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലൂടെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം തരംഗമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ബിജെപിയുടെ ഡേറ്റ ടീം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനശേഷം  മേ ഭീ ചൗക്കിദാര്‍ എന്ന മുദ്രാവാക്യം ഇറക്കിയത്.  ചൗക്കിദാര്‍ ചോര്‍ ഹെ ( കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യത്തോട് ആളുകള്‍ക്ക്  ദേഷ്യവും വെറുപ്പുമാണെന്ന്  കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേ ഭീ ചൗക്കിദാര്‍ എന്ന പ്രയോഗം രൂപപ്പെടുത്തിയത്.

MORE IN INDIA
SHOW MORE