എൻജിനീയറുടെ കെണി; ക്രൂര ബ്ലാക്ക്മെയ്‌‌ലിങ്; കുറ്റസമ്മത വിഡിയോയും പുറത്ത്: രോഷം

pollachi-rape-case
SHARE

നഗ്നയായി എന്നെ പീഡിപ്പിക്കല്ലേ അണ്ണാ... എന്ന് അലറിക്കരയുന്ന പെൺകുട്ടിയുടെ മുഖം മറച്ചുളള വിഡിയോ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെ പൊളളാച്ചി പീഡനക്കേസിലെ പ്രതികളുട കുറ്റസമ്മത വിഡിയോ പുറത്തു വിട്ട് തമിഴ് മാധ്യമങ്ങൾ. പെൺകുട്ടിയെ എങ്ങനെയാണ് വലയിലാക്കിയതെന്നും പീഡിപ്പിച്ചതെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് പ്രതികൾ കുറ്റസമ്മതം നടത്തുന്നതാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. പൊളളാച്ചി പൊലീസിനു കൈമാറുന്നതു തൊട്ടുമുൻപ് ഇരയായ പെൺകുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ചിത്രീകരിച്ചതാണ് ഈ വിഡിയോയെന്നും ഇതിന്റെ ആധികാരികതയെ പറ്റി ഉറപ്പില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.നൂറോളം വിഡിയോകളാണ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. എല്ലാ വിഡിയോയിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നത്. 10– 12 പെൺകുട്ടികൾ ഓരോ വിഡിയോയിലും ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ബ്ലാക് മെയിൽ ചെയ്തായിരുന്നു പീഡനം. പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു ഇവരെന്നു ലോകത്തിനു മനസിലായത്  പ്രതികളുടെ മൊബൈൽ പൊലീസിനു ഈ യുവാക്കൾ കൈമാറിയതോടെയാണ്. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. കൊച്ചു പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇവരുടെ കെണിയിൽ പെട്ടിരുന്നു. 

കോളേജ് വിദ്യാർഥിനിയായ പെൺകുട്ടി തനിക്കൊപ്പം  കാറിൽ വരാൻ തയ്യാറാകുകയായിരുന്നുവെന്ന് പ്രതികളിൽ ഒരാൾ വിഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. ‘പുറത്തേക്കു വരുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടെ കാറിൽ കയറി വരികയായിരുന്നു. അവളെ ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തിരുന്നില്ല. വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. ചുംബിക്കുമ്പോൾ എതിർക്കാതിരുന്നിട്ട് ഇപ്പോൾ പ്രതിഷേധിക്കുന്നത് എന്താണെന്നും ഞാൻ ചോദിച്ചു.  പ്രതികളിലൊരാൾ പറഞ്ഞു.

പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികൾ കെണി ഒരുക്കിയിരുന്നത്. സൗഹൃദം സ്ഥാപിച്ചതിനു ശേഷം പെൺകുട്ടികളെ ദീർഘദൂര യാത്രകൾക്കോ ഭക്ഷണത്തിനു ക്ഷണിച്ചു അടുപ്പം സ്ഥാപിക്കുകയും ക്രമേണ ലൈംഗിക പീഡനത്തിനു ഇരയാക്കുകയുമാണ് ചെയ്യുന്നത്. എംബിഎക്കാരനായ കെ.തിരുനാവുക്കരശ് ആണ് പീഡനങ്ങളുടെ ബുദ്ധികേന്ദ്രം. സ്വകാര്യസ്ഥാപന ജീവനക്കാരായ സതീഷ്, ടി.വസന്തകുമാർ എന്നിവർ ഇവർക്കു കൂട്ടുനിന്നു.

ഇവർ എത്രപേരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതിനെപ്പറ്റി അന്വേഷിക്കുകയാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി പ്രതികളുടെ ഫോണുകൾ പരിശോധനയ്ക്ക് അയച്ചു. മൊബൈൽ ഫോണിലെടുത്ത ചിത്രങ്ങളും വിഡിയോകളും വീണ്ടെടുക്കാനായാൽ കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് 19 കാരിയായ പെൺകുട്ടിയുമായി അടുത്ത അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരനുമായുളള അടുത്ത പരിചയം ഇയാൾ മുതലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സീനിയറായി സ്കൂളിൽ പഠിച്ച പരിചയവും ഇയാൾ ഉപയോഗിച്ചു. ഫെബ്രുവരി 12–ാം തീയതി അത്യാവശ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബസ്‍ സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തുന്നു. നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. 

ഈ സംഭവത്തിനു ശേഷവും പെൺകുട്ടിയെ ഇവർ വെറുതെ വിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസേജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. 

ഉപദ്രവിക്കപ്പെട്ട പെൺകുട്ടികൾ പരാതി നൽകാൻ മുന്നോട്ടുവരണമെന്നു ദേശീയ വനിതാ കമ്മിഷൻ അടക്കം ആവശ്യപ്പെട്ടതിനു പിന്നാലെയാണു പേരും വിവരങ്ങളും വെളിപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയതും വൻ വിവാദമായി. തന്റെ പേരും വിവരങ്ങളും ഉപയോഗിക്കുന്നതിൽനിന്നു മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും സന്നദ്ധ സംഘടനകളെയും വിലക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയ യുവതി കോയമ്പത്തൂർ ജില്ലാ കലക്ടർക്കു നിവേദനം നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പൊള്ളാച്ചി എസ്പി ആർ.പാണ്ഡ്യരാജൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ തന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യമായി പറഞ്ഞതു ചൂണ്ടിക്കാട്ടിയാണു പെൺകുട്ടി കലക്ടർക്കു പരാതി നൽകിയത്. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ വിവരങ്ങളും വിഡിയോകളും പ്രചരിപ്പിക്കരുതെന്നു പൊലീസ് പൊതുജനങ്ങൾക്കു നിർദേശം നൽകി.

പ്രതികൾ പെൺകുട്ടികളെ പൂട്ടിയിട്ടു പീഡിപ്പിച്ച ആനമലയിലെ ഫാം ഹൗസ് സിബിസിഐഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവീട്ടിൽ നിന്നു പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളിൽ നിന്നു രഹസ്യമൊഴി എടുക്കാനുള്ള ശ്രമം തുടരുകയാണ്.പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിൽ ഉടനീളം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചു. ചെന്നൈ, മധുര, കോയമ്പത്തൂർ, തഞ്ചാവൂർ, ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ കോളജ് വിദ്യാർഥികളും െമഡിക്കൽ വിദ്യാർഥികളും പലയിടത്തായി റോഡ് ഉപരോധിച്ചു.

ഉദുമൽപേട്ടിൽ നടന്ന റോഡ് ഉപരോധത്തിൽ 3,000 ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. കോയമ്പത്തൂർ–ഡിണ്ടിഗൽ ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. വിദ്യാർഥി പ്രതിഷേധം ഭയന്നു കോയമ്പത്തൂർ പൊള്ളാച്ചി മേഖലകളിലെ പല കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. സംഘർഷസാധ്യത കണക്കിലെടുത്തു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ടായതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്. തിരുപ്പതിയിലെ  ക്ഷേത്രത്തിലെ സൗജന്യ താമസ സൗകര്യമുള്ള മഠത്തില്‍ ഭക്തന്‍ എന്ന വ്യാജേന ഒളിച്ചു താമസിക്കുമ്പോഴാണ് മുഖ്യപ്രതിയെ പൊലീസ് പിടികൂടിയത്.  കൂട്ടാളികളായ ശബരിരാജന്‍, വസന്തകുമാര്‍, സതീഷ് എന്നിവരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വിവരം അറിഞ്ഞ തിരുവനാവുക്കരശ്  സേലംവഴി തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. തിരുപ്പതിയിൽ പ്രതി ഫോൺ ഉപയോഗിച്ചതോടെ തുടർന്നുളള നിരീക്ഷണത്തിൽ ഇയാൾ പൊളളാച്ചിയ്ക്കു വരുന്നതായി പൊലീസ് മനസിലാക്കുകയായിരുന്നു. വഴിയിൽ വച്ച് കാർ തടഞ്ഞായിരുന്നു അറസ്റ്റ്.

പെൺകുട്ടികളെ മർദിക്കുന്ന വിഡിയോ ഉൾപ്പെടെ പുറത്തുവന്നതോടെയാണ് ജനരോഷം ശക്തമായത്. പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് പൊള്ളാച്ചി പൊലീസ് സൂപ്രണ്ട് പാണ്ടിരാമൻ വാർത്താസമ്മേളനത്തിനിടെ പറഞ്ഞതും വിവാദമായി. ഇതാണു മറ്റു പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കുന്നതിനു പ്രധാന കാരണമെന്നും ഡിഎംകെ എംപി കനിമൊഴി പറയുന്നു. പൊലീസിൽ നിന്നു വിഡിയോകൾ ചോർന്നതും വിവാദമായിട്ടുണ്ട്. #PollachiSexualAbuse #ArrestPollachiRapist എന്നീ ഹാഷ്ടാഗുകളിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

MORE IN INDIA
SHOW MORE