അമ്മായിയമ്മയുടെ മരണമറിഞ്ഞ് മരുമകളുടെ ആത്മഹത്യ; സത്യാവസ്ഥ പുറത്ത്; ക്രൂരം

suicide-representation-image-1
SHARE

അമ്മായിയമ്മയുടെ മരണവാർത്തയറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ–മരുമകൾ സ്നേഹമായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാലിപ്പോൾ പൊലീസുദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിലെ താമസക്കാരിയായ മാലതി (70) ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു. അന്നേ ദിവസം തന്നെ അവരുടെ മരുമകൾ ശുഭാംഗിയെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.

ജുനരാജ് വാദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ മരിച്ച ദുഃഖത്തിൽ ശുഭാംഗി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ ശുഭാംഗിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവാണ് ശുഭാംഗിയുടെ കൊലപാതകത്തിന് പിന്നിൽ‌. തന്റെ അമ്മ മരിച്ചതിൽ ഭാര്യ ശുഭാംഗി വളരെയധികം സന്തോഷിച്ചിരുന്നെന്നും ഈ സംശയം ബലപ്പെട്ടപ്പോൾ താൻ തന്നെയാണ് ഭാര്യയെ കെട്ടിടത്തിനു മുകളിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ശുഭാംഗിയുടെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ പൊലീസിനോട് സമ്മതിച്ചു. 

ഭാര്യയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതി സന്ദീപ് ലോഖണ്ഡെ കുറ്റം സമ്മതിച്ചത്. 2 മക്കളാണ് സന്ദീപിനും ശുഭാംഗിക്കും.

MORE IN INDIA
SHOW MORE