സോണിയയുടെ വിശ്വസ്തൻ; രണ്ട് പതിറ്റാണ്ട് കോൺഗ്രസ് ‘മുഖം’; ലക്ഷ്യം സീറ്റ്

tom-vadakkan-14-03-19
SHARE

രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിന്റെ മാധ്യമ വിഭാഗം സെക്രട്ടറിയായിരുന്നു ടോം വടക്കൻ. വാർത്തസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും കോൺഗ്രസിന്റെ സ്ഥിരം മുഖം. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം സ്ഥാപിച്ച ആദ്യത്തെ മാധ്യമ സമിതിയിലെ അംഗമായിരുന്നു വടക്കൻ. മാധ്യമ സെൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എ.ഐ.സി.സി സെക്രട്ടറിയായി. ദേശീയ ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗമായിരുന്ന ടോം, ദേശീയ ഫിലിം സെൻസർ ബോർഡിൽ കേരളത്തിന്റെ ചുമതലയുള്ള അംഗമായിരുന്നു. സോണിയ ഗാന്ധിയുമായും രാഹുലുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാല്‍ ഉയര്‍ന്നപ്പോള്‍ ഇരുവരുമായി അദ്ദേഹം അകന്നു. 

ക്രിക്കറ്റും രാഷ്ട്രീയവും

ഇന്ത്യ ട്വന്റി 20 ഫൈനൽ കളിക്കുന്ന ദിവസം തന്നെ എഐസിസി അഴിച്ചുപണിയുടെ വാർത്ത പുറത്തുവിടുന്നതിൽ തെറ്റില്ലെന്നു പച്ചക്കൊടി കാട്ടിയതു മാധ്യമവിഭാഗം സെക്രട്ടറിയായ ടോം വടക്കനാണ്. ഇന്ത്യ ജയിച്ചാൽ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ് ധോണിയെയും ‘ക്യാപ്‌റ്റൻ’ രാഹുൽ ഗാന്ധിയെയും താരതമ്യപ്പെടുത്തി പ്രത്യേക വാർത്തകൾ വരുമെന്നായിരുന്നു ടോമിന്റെ കണക്കുകൂട്ടൽ; തോറ്റാൽ അഴിച്ചുപണി പ്രധാന വാർത്തയാകുമെന്നും.

ഇതു റിസ്‌കാണെന്ന അഭിപ്രായം നേതാക്കളിൽ പലർക്കുമുണ്ടായിരുന്നു. എങ്കിലും വച്ച കാൽ പിന്നോട്ടെടുക്കാൻ എന്തായാലും മാധ്യമ സെൽ സെക്രട്ടറിയായും പിന്നീടു മുഴുവൻസമയ സെക്രട്ടറിയായും പത്തുവർഷം പിന്നിട്ടതിന്റെ അനുഭവജ്‌ഞാനം പിഴച്ചില്ല. ഇന്ത്യയുടെ തകർപ്പൻ വിജയത്തിനിടയ്‌ക്കും എഐസിസി വാർത്ത മുങ്ങാതെ നിന്നു.

സീറ്റ് തന്നെ ലക്ഷ്യം

മത്സരിക്കാൻ ഒരു സീറ്റ്. അതായിരുന്നു ടോം വടക്കന്റെ ലക്ഷ്യം. എന്നാൽ അതിനുള്ള ചരടുവലികൾ പലവട്ടം നടത്തി, എല്ലാം പരാജയപ്പെട്ടു. 2009ൽ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ നീക്കത്തിലൂടെ തൃശൂര്‍ സീറ്റിനു വേണ്ടി ശ്രമിച്ചു.

കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലും കാര്യങ്ങൾ ദേശീയതലത്തിൽ കാണാൻ കെൽപ്പുള്ള ആളെന്ന നിലയിലും ടോം വടക്കനെ കോൺഗ്രസ് സ്‌ഥാനാർഥിയാകാൻ പലവട്ടം ദേശീയ നേതൃത്വവും തീരുമാനിച്ചതാണ്. സാമുദായിക ഫോർമുലകളും വടക്കന് അനുകൂലമായിരുന്നു. പക്ഷേ, വടക്കന്റെ കേരളത്തിലേക്കുള്ള രംഗപ്രവേശം പിഴച്ചുപോയി.

ദേശീയ സെക്രട്ടറി എന്ന നിലയിൽ വടക്കൻ തൃശൂരിലെത്തിയപ്പോൾ ഡി.സി.സിയെ കാര്യമായി പരിഗണിച്ചില്ല. അതോടെ ഡി.സി.സി പിണങ്ങി. ജില്ല നേതൃത്വം അംഗീകരിച്ചില്ലെങ്കിലും ദേശീയതലത്തിൽ സ്വാധീനം ചെലുത്തി തനിക്കു കാര്യങ്ങൾ ചെയ്യാനാകുമെന്നു വ്യക്‌തമാക്കാനായിരുന്നു വടക്കൻ തീരുമാനിച്ചത്. എന്നാൽ ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത നേതാവിനെ കെട്ടിയിറക്കേണ്ടന്ന് സംസ്ഥാന നേതൃത്വവും വാശി പിടിച്ചതോടെ വടക്കന്റെ സ്ഥാനാർഥി മോഹങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു.

എന്നാൽ ഇത്തവണയെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തൃശൂർ തന്നെ വേണമെന്ന വാശിയില്ല. പാർട്ടി സമ്മതിച്ചാൽ നാഗലാൻഡിൽ നിന്നോ, കശ്മീരിൽ നിന്നോ മത്സരിക്കാൻ തയ്യറാണെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വരത്തന്മാർ വേണ്ടന്ന് പോസ്റ്റർ തൃശൂരിന്റ പലഭാഗങ്ങളിൽ ഉയർന്നു. എന്തായാലും തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി.ജെ.പിയിൽ ചേർന്ന വടക്കന് തൃശൂർ സീറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ചാലക്കുടിയിൽ ബി.ജെ.പി ഇത്തവണ പരീക്ഷിക്കുക ടോം വടക്കനെ തന്നെയാകാനാണ് സാധ്യത.

MORE IN INDIA
SHOW MORE