ശബരിമലയും ബിജെപി പിടിക്കുന്ന വോട്ടും ആര്‍ക്ക് ഗുണമാകും; അതാണ് സസ്പെന്‍സ്

election-kerala
SHARE

സംസ്ഥാനത്ത് ഇടതു–വലത് മുന്നണികളുടെ ബലാബലത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും സമകാലിക രാഷ്ട്രീയ–സാമൂഹ്യ സാഹചര്യങ്ങള്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ശബരിമല പ്രശ്നവും ബിജെപിയുടെ വളര്‍ച്ചയും ആര്‍ക്ക് ഗുണം ചെയ്യുമെന്നതാണ് സസ്പെന്‍സ്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുനേടിയ യുഡിഎഫ് 12 സീറ്റും 40 ശതമാനം വോട്ടുനേടിയ എല്‍ഡിഎഫ് എട്ടുസീറ്റും നേടി. പത്തുശതമാനം വോട്ടുനേടിയ ബിജെപിക്ക് തിരുവനന്തപുരത്തെ രണ്ടാം സ്ഥാനം മാത്രമായിരുന്നു ആശ്വാസം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 43 ശതമാനം വോട്ടുനേടിയ എല്‍ഡിഎഫിന് 91 സീറ്റും 38 ശതമാനം വോട്ടുനേടിയ യുഡിഎഫിന് 47 സീറ്റുമാണ് കിട്ടിയത്. വോട്ടുവിഹിതം 15 ശതമാനമാക്കി ഉയര്‍ത്തിയ എന്‍ഡിഎ നേമത്ത് ജയിക്കുകയും മലമ്പുഴയിലും ചാത്തന്നൂരിലും ഉള്‍പ്പടെ ഏഴുസീറ്റില്‍ രണ്ടാമതെത്തുകയും ചെയ്തു. 

ഈ മുന്നേറ്റം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ തുടരുമെന്നും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ബിഡിജെഎസും ചേര്‍ന്നുനേടിയ വോട്ടുകള്‍ തിരിച്ചടിയായത് യുഡിഎഫിനാണ്. എന്നാല്‍ ഇത്തവണ ശബരിമല യുവതീപ്രവേശവും തുടര്‍ന്നുള്ള അക്രമങ്ങളും നേട്ടമാകുന്നത് തങ്ങള്‍ക്കാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ദേശീയതലത്തില്‍ ബിജെപിക്കു ബദലാര് എന്ന ചോദ്യം വരുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.  തീവ്രഹിന്ദുത്വത്തോടുള്ള ന്യൂനപക്ഷങ്ങളുടെ പ്രതികരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ ഏകീകരണത്തിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് എല്‍.ഡി.എഫ്. 

വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെത്തിയതും പുതുതായി രൂപീകരിക്കപ്പെട്ട ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതുമാണ് രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മുന്നണികളിലുണ്ടായ മാറ്റം. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങിവന്നത് വടകരയില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷകൂട്ടുന്നു.

കണക്കുകള്‍ ഇങ്ങനെ: 

2014 ലോക്സഭാ തിരഞ്ഞെടുപ്പ്

മുന്നണി                   വോട്ട് ശതമാനം        സീറ്റ്

യുഡിഎഫ്                    41.97                            12

എല്‍ഡിഎഫ്              40.11                              8

ബിജെപി                       10.82                             0

2016 നിയമസഭാ തിരഞ്ഞെടുപ്പ്

മുന്നണി                  വോട്ട് ശതമാനം        സീറ്റ്

എല്‍ഡിഎഫ്        43.31                                  91

യുഡിഎഫ്            38.86                                  47

ബിജെപി                  15.01                                    1

MORE IN INDIA
SHOW MORE