രാഹുല്‍ അപകടകാരിയെന്ന് മോദി തിരിച്ചറിഞ്ഞു; വോട്ടില്‍ ജയിക്കാന്‍ അത് മതിയോ?

Rahul Gandhi, Narendra Modi
SHARE

മോദി പ്രഭാവത്തെ തടുത്തു നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്കാവുമോ എന്നതിന്‍റെ പരീക്ഷണവേദി കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പ്രസംഗത്തിലെ പ്രകടനത്തിനപ്പുറം വോട്ടുരാഷ്ട്രീയത്തില്‍ മോദിയെ മലര്‍ത്തിയടിക്കാന്‍ രാഹുലിനാവുമോ..? രണ്ടു പേര്‍ക്കും നിര്‍ണായകമാണ് പാര്‍ട്ടികളുടെ ഇത്തവണത്തെ പ്രകടനം.

അന്നത്തെ ആലിംഗനം ഒരു യുദ്ധപ്രഖ്യാപനമായിരുന്നു. നരേന്ദ്രമോദി എന്ന അതികായനെ നേരിടാന്‍ താന്‍ തയാന്‍ തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രി , മികച്ച പ്രാസംഗികന്‍ ,വികസന നായകനെന്ന പ്രതിച്ഛായ, ഹിന്ദുത്വത്തിന്‍റെ വക്താവ്. വീശിയടിച്ച മോദിതരംഗത്തെ നേരിടാന്‍ ഒരു നേതാവുപോലുമുണ്ടായിരുന്നില്ല 2014 ല്‍ കോണ്‍ഗ്രസിന്. കോട്ടകളൊന്നായി മോദി പിടിച്ചടക്കുന്നത് ആറുദശാബ്ദം രാജ്യം ഭരിച്ച പാര്‍ട്ടി നോക്കി നിന്നു. എഐസിസി ആസ്ഥാനത്തെ മാധ്യമങ്ങള്‍ പോലും കൈവിട്ടു.

വിമര്‍ശന ശരങ്ങളെല്ലാം ലക്ഷ്യം വച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. പപ്പു,കഴിവുകെട്ടവന്‍ പരിഹാസങ്ങളേറെ ഏറ്റുവാങ്ങി നെഹ്റുകുടുംബത്തിലെ ഇളമുറക്കാരന്‍. പക്ഷേ അപ്രതീക്ഷിതമായിരുന്നു രാഹുലിന്‍റെ ഉയിര്‍ത്തെഴുനേല്‍പ്. പൊതുവേദിയിലും  പാര്‍ലമെന്‍റിലും നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്നേറി അദ്ദേഹം. പാര്‍ട്ടി അധ്യക്ഷനായതിന്‍റെ ഒന്നാംവാര്‍ഷികത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് പതാകപാറി. 

പഴയതുപോലെ അവഗണിച്ചും പരിഹസിച്ചും പോകാവുന്ന നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കും കൈവന്നു. അഴിമതിയും കുടുംബാധിപത്യവും ഉയര്‍ത്തിക്കാട്ടി പ്രതിരോധിച്ചു നരേന്ദ്രമോദി. മോദിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം ആയുധമാക്കി രാഹുല്‍.

റഫാല്‍ അഴിമതിയാരോപണവുമായി രംഗത്തെത്തിയതോടെ രാഹുല്‍ കൂടുതല്‍ അപകടകാരിയെണന്ന തിരിച്ചറിവ് നരേന്ദ്രമോദിക്കുണ്ടായി.  

രാഹുലിന്‍റെ കഴിവുകേടുമൂലമാണ് പ്രിയങ്കയെയും രംഗത്തിറക്കിയതെന്ന് പരിഹസിച്ചു മോദി. ചിലപ്പോഴെങ്കിലും പരിഹാസം പരിധിവിട്ടെന്ന വിമര്‍ശവും കേട്ടു.  കൊണ്ടും കൊടുത്തും മുന്നേറുന്ന രാഹുല്‍ മോദി ബലപരീക്ഷണമെന്ന നിലയിലും ചരിത്രത്തില്‍ അടയാളപ്പെടുത്തും ഈ പൊതുതിരഞ്ഞെടുപ്പ്.  

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.