12–ാം ദിവസം 12 മിറാഷ് പോര്‍വിമാനം പറന്നു; ഭീകരക്യാംപുകളില്‍ ‘തീ തുപ്പി’

airforce-mirage
ചിത്രം കടപ്പാട്;Indian Air Force FB Page
SHARE

ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങൾക്ക് ശേഷം 12 മിറാഷ് വിമാനങ്ങൾ പാകിസ്ഥാന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നൽകി. ഇന്ന് പുലർച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകൾ. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം പാകിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. 1000 കിലോ ബോംബ് ഭീകരക്യാംപുകളില്‍ വര്‍ഷിച്ചു. 

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി നൽകാൻ ഉപയോഗിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 137 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തി ദിവസങ്ങൾക്ക് വായുശക്തി എന്ന പേരിൽ ശക്തിപ്രകടനം നടത്തിയിരുന്നു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാർ, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പങ്കെടുത്തിരുന്നു. ഇതിൽ  മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് തിരിച്ചടിക്കാൻ ഉപയോഗിച്ചത്.

മിറാഷ് എന്ന ഹീറോ

ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 

ഫയല്‍ വിഡിയോ

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് വജ്ര എന്നാണ്.

MORE IN INDIA
SHOW MORE