മോദി 3 കിലോ ബീഫ് കാണും, 350 കിലോ ആർഡിഎക്സ് കാണില്ല; ആഞ്ഞടിച്ച് കോൺഗ്രസ്

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയ്ക്കു മൂന്നു കിലോ ബീഫ് കണ്ടെത്താൻ എളുപ്പത്തിൽ കഴിയും, എന്നാൽ 350 കിലോ ആർഡിഎക്സ് കണ്ടെത്താൻ സാധിച്ചില്ലെന്നു ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ഹാരൂൺ യൂസഫ് വിമർശിച്ചു. താൻ പറഞ്ഞത് യാഥാർഥ്യമാണ്. നിഷേധിക്കാൻ ആർക്കെങ്കിലും സാധിക്കുമോ ? വർഗീയതയുടെ പേരിൽ ആൾക്കൂട്ട അതിക്രമങ്ങൾ അരങ്ങേറുകയാണെന്നും ഹാരൂൺ പറഞ്ഞു

കോൺഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ ഭാഷയിൽ ബിജെപി രംഗത്തെത്തി. തീർത്തും നിരുത്തരവാദിത്തപരമായ വാക്കുകളാണ് ഹാരൂണിന്റേതെന്നു കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ഇരട്ടമുഖമാണ് പുറത്തുവന്നതെന്നു ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബബ്ബാർ പ്രതികരിച്ചു. കുറച്ചു ദിവങ്ങൾ കാത്തിരിക്കാൻ പോലും കോൺഗ്രസിനു സാധിക്കുന്നില്ല. സുരക്ഷാ ഏജൻസികളെ അപമാനിക്കുന്ന രീതിയാണിത്. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ രാഷ്ട്രീയനേട്ടത്തിനാണ് അവർ ശ്രമിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് വർഗീയതയുടെ നിറം കൊണ്ടുവരാനാണ് ഹാരൂൺ യൂസഫ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.