തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പുൽവാമ; നേട്ടം ആർക്ക്? സർവെ ഫലം

pulwama-attack
SHARE

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും പല രാജ്യങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുളളതിന് ലോകത്ത് ഒരുപാടുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണം ഏതെങ്കിലും തരത്തില്‍ നമ്മുടെ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആകാംഷ അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമാണ്.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതിനിര്‍ണയിക്കുക ഭീകരാക്രമണവും തുടര്‍നടപടികളുമായിരിക്കുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സി എല്‍ എസ് എയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആര്‍ക്കായിരിക്കും നേട്ടമെന്ന് സര്‍വെ വ്യക്തമാക്കുന്നുമില്ല. 

രാജ്യസുരക്ഷാ വിഷയത്തില്‍ കനത്ത ആഘാതമേല്‍പ്പിച്ച പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയമാനങ്ങള്‍ തേടുന്ന അവസരത്തിലാണ്, ഇത് എങ്ങനെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാക്കിസ്ഥാന്, ഇന്ത്യ നല്‍കിയ ആദ്യ തിരിച്ചടിക്ക് ശേഷം എന്തുനടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നത് സുപ്രധാനമാകും.

ഇക്കാര്യം തിരഞ്ഞടുപ്പിലെ നിര്‍ണായകഘടകമായി മാറുമെന്ന് പ്രമുഖ ബ്രോക്കേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍, പരസ്യരാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് മുതിരാത്ത കോണ്‍ഗ്രസിനെയാണോ പ്രതിരോധത്തില്‍ ഊന്നുന്ന, ബിജെപിയെ ആണോ സംഭവം സഹായിക്കുക എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 

ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍, പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം പകരുമെന്ന് വ്യക്തമാക്കുന്നു. യു.പിയിലെ എസ്.പി–ബിഎസ്പി സഖ്യം, ബിജെപിക്ക് ദേശീയ തലത്തില്‍ വലിയ വെല്ലുവിളിയായി മാറും. ഈ സഖ്യത്തിനൊപ്പം, നേരിട്ടോ അല്ലാതെയോ കോണ്‍ഗ്രസിന്  പങ്കുചേരാനായില്ലെങ്കില്‍, യുപിയില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാവില്ല.

കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികള്‍ വോട്ടര്‍മാരെ സ്വാധീനിച്ചാലും, കഴിഞ്ഞ തവണ യു.പിയില്‍ നേടിയ 71 സീറ്റില്‍ നിന്ന് ബിജെപി 40–45 സീറ്റിലേക്ക് ചുരുങ്ങും. പശുഹത്യയുടെ പേരിലുള്ള അക്രമങ്ങള്‍ കര്‍ഷകരുടെ വ്യാപാര കൈമാറ്റത്തെയും വരുമാനത്തെയും സാരമായി ബാധിച്ചു.

2014 ലെ തരംഗം ദൃശ്യമല്ലെങ്കിലും രാജ്യത്തെ ചില സാമുദായിക വിഭാഗങ്ങളുടെ ഇടയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപ്രിയത നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

MORE IN INDIA
SHOW MORE