രാജ്യം ഒറ്റക്കെട്ട്; ദയവായി വെറുപ്പ് പടർത്തരുത്; ആ ചിത്രങ്ങൾ തള്ളി സൈന്യം

crpf-request
SHARE

പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ സൈന്യത്തിനൊപ്പം നിൽക്കുമ്പോൾ സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണങ്ങളും വ്യാപകമാകുന്നു. വീരമൃത്യു വരിച്ച ജവാൻമാരുടെ മൃതദേഹത്തിന്റെ ഭാഗങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ സിആർപിഎഫ് രംഗത്തെത്തി. ‘കുറച്ചുപേർ ഞങ്ങളുടെ ജവാൻമാരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളെന്ന രീതിയിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എല്ലാവരും ഒരുമിച്ചു നിൽക്കുന്ന സമയത്തു വെറുപ്പ് പടർത്താനാണു ചിലരുടെ ശ്രമം. ഇത്തരം കുറിപ്പുകളോ ചിത്രങ്ങളോ പങ്കുവയ്ക്കുകയോ ലൈക്ക് ചെയ്യുകയോ അരുത്’– സമൂഹമാധ്യമത്തിലെ കുറിപ്പിൽ സേന വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരം നൽകണമെന്നും സിആർപിഎഫ് ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിന്റേതെന്ന പേരിൽ‌ മറ്റു ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി സേന തന്നെ രംഗത്തെത്തിയത്. കശ്മീരിലെ വിദ്യാർഥികളെ ഉപദ്രവിക്കുകയാണെന്ന രീതിയിലുള്ള വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സിആർപിഎഫ് ഇക്കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇതും വ്യാജമാണെന്നു ബോധ്യപ്പെട്ടു. ഫെബ്രുവരി 14ന് പുൽവാമയിലെ അവന്തിപ്പുരയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണു വീരമൃത്യു വരിച്ചത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ഭീകരൻ സിആർപിഎഫിന്റെ വാഹന വ്യൂഹത്തെ ലക്ഷ്യമിടുകയായിരുന്നു. 

ഏതു സാഹചര്യത്തിലും പോരാടി വിജയത്തിലെത്താനുള്ള ആത്മവിശ്വാസവും സഖ്യവും തന്റെ സേനയ്ക്കുണ്ടെന്ന് സിആർപിഎഫ് ഡയറക്ടർ ജനറൽ രാജീവ് ഭട്നഗർ വ്യക്തമാക്കി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം എപ്പോഴും ഉണ്ടാകും. ശൗര്യത്തിന്റെയും സഹനത്തിന്റെയും പാരമ്പര്യമുള്ള സേനയാണിത്. ഒരു കുടുംബം പോലെയാണു ഞങ്ങളുടെ പ്രവർത്തനം. മേഖലയിൽ സിആർപിഎഫിന്റെ പ്രവർത്തനങ്ങൾ വിജയം കണ്ടതിന്റെ നൈരാശ്യത്തിൽനിന്നാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE